പഞ്ച്കുള: ഹരിയാണയിലെ പഞ്ച്കുളയിലുള്ള സംസ്കൃത് മോഡൽ സ്കൂളിൽ ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്ന കെ.ജി വിദ്യാർഥിനിയെ മൂന്നാം ക്ലാസുകാരൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛൻ എത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് എട്ടുവയസ്സുകാരൻ ആക്രമിച്ചത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ കാണാതായതിനെ തുടർന്ന് പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂളിലെത്തിയ പിതാവിനെ പെൺകുട്ടി മുകളിലുണ്ടെന്ന് പറഞ്ഞ് അതേ വിദ്യാർഥി ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒക്ടോബർ 28-നായിരുന്നു സംഭവം. അച്ഛൻ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലെത്തിച്ച എട്ടുവയസ്സുകാരൻ ഇഷ്ടിക, പൂച്ചട്ടി, അലുമിനിയം ചവറ്റുകുട്ട എന്നിവ ഉപയോഗിച്ച് തലയിലും ശരീരത്തിലും മർദിക്കുകയായിരുന്നു. തല ബെഞ്ചിലും മേശയിലും തുടർച്ചയായി ഇടിക്കുകയും മുഖത്തും ശരീരത്തും ചവിട്ടുകയും ചെയ്തു. പിന്നീട് പുറത്തുപോയ കുട്ടി അരമണിക്കൂറിന് ശേഷം തിരിച്ചെത്തി വീണ്ടും ആക്രമണം തുടർന്നു.
പിതാവിനെ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് ആക്രമണം നടത്തിയ വിദ്യാർഥി തന്നെയായിരുന്നുവെന്ന് പരിക്കേറ്റ കുട്ടിയുടെ അമ്മാവൻ ‘ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു. ‘അങ്കിൾ, ഞാൻ നിങ്ങളെ മുകളിലേക്ക് കൊണ്ടുപോകാം. അവൾ അവിടെയുണ്ട്’ എന്നാണ് കുട്ടി പിതാവിനോട് പറഞ്ഞത്. തുടർന്ന് ക്ലാസ് മുറിയിലെത്തിയ പിതാവ് രക്തത്തിൽ കുളിച്ച് ബോധരഹിതയായ നിലയിലാണ് മകളെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലേക്ക് മാറ്റി. കുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
എട്ടുവയസ്സുകാരൻ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് തല മേശയിലിടിക്കുന്നതും നിലത്തുവീണ ശേഷവും മർദനം തുടരുന്നതും പുറത്തുവന്ന സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിന് ശേഷം തിരിച്ചെത്തി ഇഷ്ടികകൊണ്ട് അടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി മാനേജ്മെന്റിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
ആക്രമണം നടത്തിയ കുട്ടിക്ക് എട്ടുവയസ്സ് മാത്രമുള്ളതിനാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മാനസികാവസ്ഥ വിദഗ്ധരെക്കൊണ്ട് വിലയിരുത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഏഴു വയസ്സിന് മുകളിലും 12 വയസ്സിന് താഴെയുമുള്ള കുട്ടികൾക്ക് സ്വന്തം പ്രവൃത്തിയുടെ സ്വഭാവവും പ്രത്യാഘാതവും മനസ്സിലാക്കാനുള്ള പക്വതയില്ലെങ്കിൽ ക്രിമിനൽ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ 21-ാം വകുപ്പിന്റെ സാധുതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മാനസികാരോഗ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
സംഭവത്തിൽ അന്വേഷണം നടത്താൻ ഹരിയാണ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്താനും സർക്കാർ ഉത്തരവിട്ടു. പെൺകുട്ടിയുടെ ചികിത്സാച്ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.




