സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീൻ’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. മാസ് ആക്ഷൻ, കോമഡി, ത്രില്ലർ രംഗങ്ങൾ എന്നിവ ചേർത്തൊരുക്കിയ ട്രെയ്ലർ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടെയ്നറായാണ് അവതരിപ്പിക്കുന്നത്. നവംബർ 6ന് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലും മാസ് ആക്ഷൻ രംഗങ്ങളിലും സൂര്യ തിളങ്ങുന്ന ട്രെയ്ലർ ഇതിനോടകം സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ആക്ഷനൊപ്പം നർമത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ നസ്ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്നു. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഈ സിനിമകളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ-സുഷിൻ ശ്യാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സുഷിൻ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ‘ആതി ഇവ യാരാ’, ‘എയ്റോപ്ലെയിൻ’ എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രത്തിന് നേരത്തെ യു/എ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നസ്ലൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും ട്രെയ്ലറിന്റെ പ്രധാന ആകർഷണങ്ങളാണ്.
ജ്യോതികയും സൂര്യയും ചേർന്ന് 2D എന്റർടൈൻമെന്റ്സിന്റെയും ഴഗരം സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ നേതൃത്വത്തിൽ മെഗാ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി. സോണി മ്യൂസിക് സൗത്തിനാണ് ചിത്രത്തിന്റെ സംഗീതാവകാശം.
വിനീത് അഗസ്റ്റ്യനാണ് ഛായാഗ്രഹണം. അജ്മൽ സാബു എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രഫിയും നിർവഹിക്കുന്നു. അശ്വിനി കാലെയാണ് പ്രൊഡക്ഷൻ ഡിസൈനർ. ചേതൻ ഡി’സൂസയാണ് ആക്ഷൻ ഡയറക്ടർ. മഷാർ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സൂര്യയുടെ മാസ് പ്രകടനവും ജിത്തു മാധവന്റെ വ്യത്യസ്തമായ അവതരണവും സുഷിൻ ശ്യാമിന്റെ സംഗീതവും ചേരുന്ന ‘സീൻ’ ഒരു മികച്ച തിയേറ്റർ അനുഭവമാകുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.




