കൊല്ലം: പതിനാറുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിൽ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹറി (34) അറസ്റ്റിൽ. കൊച്ചയത്ത് പടിയിറ്റതിൽ സ്വദേശിയായ ഇയാളെ ഓച്ചിറ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചെന്നും ഗുരുതരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും പെൺകുട്ടി പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പെൺകുട്ടിയുടെ മുത്തശ്ശിയുടെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതെന്നാണ് മൊഴി. ഈ സമയങ്ങളിൽ പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. മുഹമ്മദ് നിയാസ് ജൗഹറി സമൂഹമാധ്യമങ്ങളിലൂടെ മതപ്രഭാഷണ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഓച്ചിറ പൊലീസ് അറിയിച്ചു.


