തിരുവനന്തപുരം: കേരള പിഎസ്‌സി നടത്തിയ ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപിച്ച് പരാതി. പരീക്ഷാ നടപടികളിലും നിയമനത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.
എസ്എഫ്ഐ നേതാവ് ഒന്നാം റാങ്ക് നേടിയ പരീക്ഷയിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. അസാധാരണ വേഗത്തിലാണ് പിഎസ്‌സി പരീക്ഷാ നടപടികൾ പൂർത്തിയാക്കിയതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കഴിഞ്ഞ ഡിസംബറിൽ എഴുത്തുപരീക്ഷ നടത്തിയ പിഎസ്‌സി മെയ് ആദ്യവാരം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ജൂണിൽ നിയമന ഉത്തരവ് നൽകുകയും ചെയ്തു.
നിരവധി ക്രിമിനൽ കേസുകൾ നിലവിലുള്ള ഉദ്യോഗാർത്ഥിക്കാണ് നിയമനം നൽകിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നാണ് ആവശ്യം.
അതേസമയം, ആരോപണങ്ങൾ ഉദ്യോഗാർത്ഥി നിഷേധിച്ചു. മറ്റ് നിരവധി പിഎസ്‌സി പരീക്ഷകളുടെ റാങ്ക് പട്ടികകളിലും താൻ ഉൾപ്പെട്ടിട്ടുണ്ടെന്നും തന്റെ നിയമനം തടയുന്നതിനായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉദ്യോഗാർത്ഥി വിശദീകരിച്ചു.




