സുൽത്താൻ ബത്തേരി: വിൽപനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസ് (35) ആണ് അറസ്റ്റിലായത്. ബത്തേരി എസ്ഐ നൗഫൽ സി ആണ് അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവ മനോഹറിന്റെ മേൽനോട്ടത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാക്കുറ്റി പാലത്തിന് സമീപം വാഹന പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ പ്രതിയിൽ നിന്ന് ഒരു കിലോഗ്രാം 80 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസും വിൽപനയ്ക്കായി പാക്ക് ചെയ്യാൻ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.




