ആന്ധ്ര പ്രദേശ്: പത്താം ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെ യന്ത്രവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിയെ വെടിവെച്ച് വീഴ്ത്തി പൊലീസ്. പ്രതിയായ ഹേമന്ത് (21) ന് പൊലീസിന്റെ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിയുതിർത്തതെന്നാണ് പൊലീസ് വിശദീകരണം.
സ്കൂളിലെ ആക്രമണത്തിനുശേഷം ഒളിവിൽ പോയ ഹേമന്ത് വനമേഖലയിൽ കഴിയുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥർക്കുനേരെ ഹേമന്ത് കത്തി വീശുകയും കല്ലെറിയുകയും ചെയ്തു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്. ആറു തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിക്കും ഏതാനും പൊലീസുകാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ചയാണ് അനന്തപുർ ജില്ലയിലെ റാപ്താഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറിയ ഹേമന്ത് യന്ത്രവാൾ ഉപയോഗിച്ച് രണ്ട് വിദ്യാർഥിനികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി. സഹപാഠികളുടെയും അധ്യാപകരുടെയും മുന്നിൽ നടന്ന ആക്രമണം സ്കൂളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി.
പരിക്കേറ്റ പെൺകുട്ടികളെ അനന്തപുർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ ഒന്നിലധികം അവയവങ്ങൾക്ക് ആഴത്തിലുള്ള പരിക്കേൽക്കുകയും എല്ലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.




