ന്യൂഡൽഹി: മുസ്ലീം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂർണ ദേശീയ സമ്മേളനം 2027 നവംബർ 5, 6 തീയതികളിൽ ഉത്തർപ്രദേശിലെ മീററ്റിൽ നടക്കും. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാനും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തോളം യുവാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ദേശീയ സമ്മേളനത്തിന് മുന്നോടിയായി 2026 ഡിസംബർ 30നകം സംസ്ഥാന സമ്മേളനങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കശ്മീർ മുതൽ കന്യാകുമാരി വരെ ‘യുവ ഭാരത് യാത്ര’ സംഘടിപ്പിക്കും. 2027 മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരിക്കും യാത്ര. ആദ്യഘട്ടത്തിൽ കശ്മീരിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബിഹാറിലെ കിഷൻഗഞ്ചിൽ സമാപിക്കും. രണ്ടാംഘട്ട യാത്ര മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കും.
ആൾക്കൂട്ട ആക്രമണങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെതിരെ പ്രത്യേക നിയമമായ ‘അഹിംസ ആക്ട്’ നടപ്പാക്കണമെന്ന ആവശ്യവുമായി ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തിൽ പ്രത്യേക സംഗമവും സംഘടിപ്പിക്കും.
ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപതോളം കുടുംബങ്ങളുടെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. നിയമവിദഗ്ധർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവരും ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
സംഗമത്തിൽ ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് ‘അഹിംസ ആക്ടിന്റെ’ കരട് തയ്യാറാക്കാനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ദേശീയ ട്രഷറർ അൻസാരി മദാർ, ദേശീയ സെക്രട്ടറി സി.കെ. ഷാക്കിർ എന്നിവരും ഡൽഹി ഖാഇദേ മില്ലത്ത് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




