ന്യൂഡൽഹി: അയോധ്യയിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി സുപ്രീംകോടതി. കേസിൽ കുറ്റപത്രം സമർപ്പിച്ചെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മേലുള്ള കോടതിയുടെ നിരീക്ഷണവും ഇതോടെ അവസാനിപ്പിച്ചു. അതേസമയം, കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ്ഐടിക്ക് സുപ്രീംകോടതി അനുമതി നൽകി.
ഹർജിക്കാർക്ക് വിചാരണയ്ക്കിടെ മജിസ്ട്രേറ്റ് കോടതിയെ സഹായിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പൊതുതാൽപര്യം മുൻനിർത്തിയാണ് ഈ അനുമതി നൽകുന്നതെന്നും കോടതി അറിയിച്ചു.
കാണിക്ക തട്ടിപ്പ് നടത്തിയവർ സംഭാവനയായി ലഭിച്ച വസ്തുക്കൾ ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ക്ഷേത്രത്തിന് ലഭിച്ച മറ്റ് സംഭാവനകൾ സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.




