ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ കടയിൽ തനിച്ചായിരുന്ന യുവതിയെ കത്തിമുനയിൽ നിർത്തി കവർച്ചാശ്രമം. കടയിലെത്തിയ അക്രമി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിക്കുകയും കാലുകൾ തുണികൊണ്ട് ബന്ധിക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
ഇടപാടുകാരനെന്ന വ്യാജേനയാണ് ഇയാൾ കടയിലെത്തിയത്. ഈ സമയത്ത് യുവതി മാത്രമാണ് കടയിലുണ്ടായിരുന്നത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കടയുടമ സിസിടിവിയിലൂടെ തത്സമയം കാണുന്നുണ്ടായിരുന്നു. ഉടൻതന്നെ സമീപത്തെ കടയുടമയെ വിവരം അറിയിച്ചു.
യുവതിയെ രക്ഷിക്കാനായി സമീപത്തെ കടയുടമ എത്തിയതോടെ അക്രമി യുവതിയെ മേശയ്ക്കടിയിൽ ഒളിപ്പിച്ചു. പിന്നീട് യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഇയാൾ കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഓട്ടോയിൽ കയറി രക്ഷപ്പെടാനായിരുന്നു ശ്രമം.
ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരിൽ ഒരാൾ പിന്നിൽനിന്ന് പ്രതിയെ കീഴ്പ്പെടുത്തി. തുടർന്ന് നാട്ടുകാർ ഇയാളെ മർദിച്ചശേഷം പൊലീസിന് കൈമാറി. യുവതിക്ക് മറ്റ് പരിക്കുകളൊന്നുമില്ലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.




