കോഴിക്കോട്: വിവാദമായ പയ്യോളി പോക്സോ കേസിലെ ഒന്നാം പ്രതി അബ്ദുൽ റഫീഖിനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി കോടതിയിൽ നൽകിയ ഹർജി തള്ളിയതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ പത്തരയോടെ നടപടി. പയ്യോളിയിൽ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലാകാതെ ജാമ്യം ലഭിച്ച സംഭവം വലിയ വിവാദമായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും വടകര ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുൽ റഫീഖ് ഒരു ദിവസം പോലും പൊലീസ് കസ്റ്റഡിയിൽ കഴിയാതെയാണ് പുറത്തിറങ്ങിയത്.
സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരയായ കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും പൊലീസിന്റെ ഗുരുതരമായ വീഴ്ചയും നിഷ്ക്രിയത്വവുമാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ കാരണമായതെന്നുമായിരുന്നു ആരോപണം. വിവാദം ശക്തമായതോടെ ബന്ധപ്പെട്ട പൊലീസുകാർക്കെതിരെയും നടപടിയുണ്ടായി. സി.ഐ ബാബുമോൻ, സി.പി.ഒ അബ്ദുൽ ഹമീദ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
രണ്ടുവർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൽ റഫീഖ് സ്വന്തം വീട്ടിൽവെച്ചാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവും പീഡനത്തിന് കൂട്ടുനിന്നതായാണ് കേസ്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മർദിച്ചും രണ്ടുവർഷത്തോളം ഇയാൾ കുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പരാതി. പഠനത്തിൽ കുട്ടി പിന്നാക്കം പോയതിനെ തുടർന്ന് സ്കൂൾ അധികൃതർ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പത്തുമാസം മുൻപാണ് പയ്യോളി പൊലീസ് കേസെടുത്തത്. പോക്സോ കേസിൽ അബ്ദുൽ റഫീഖിനെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയുമാക്കി. തുടർന്ന് മാതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ഇതിനിടെ അബ്ദുൽ റഫീഖ് വിദേശത്തേക്ക് കടന്നിരുന്നു.
പ്രതിക്കെതിരെ ഒളിവിൽ കഴിയുന്നയാൾ എന്ന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും നെടുമ്പാശ്ശേരി ഉൾപ്പെടെ രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു പൊലീസ് പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയ ഉറപ്പ്. എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി പ്രതി നാട്ടിൽ തിരിച്ചെത്തിയിട്ടും പയ്യോളി പൊലീസ് കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നായിരുന്നു ആരോപണം. പിന്നീട് പ്രതിയുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഇതിനെതിരെ അബ്ദുൽ റഫീഖ് കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി തള്ളിയതോടെയാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തത്.




