തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിയാനിയിൽ വേക്കിനാട് തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് വിദ്യാധരന്റെ മൃതദേഹം കണ്ടെത്തിയത്. അപകടസ്ഥലത്തുനിന്ന് 17 കിലോമീറ്റർ അകലെ ആറ്റിങ്ങൽ മാമത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് വിദ്യാധരനും ഭാര്യ ലതകുമാരിയും സഞ്ചരിച്ച ഓട്ടോറിക്ഷ കനത്ത മഴയെ തുടർന്ന് കുത്തിയൊഴുകിയ തോട്ടിലേക്ക് മറിഞ്ഞത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ലതകുമാരിയെ രക്ഷപ്പെടുത്തി. എന്നാൽ വിദ്യാധരനെ കണ്ടെത്താനായില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.




