കോട്ടയം: ടയർ പൊട്ടിയ കാറുമായി എട്ടുകിലോമീറ്ററോളം അപകടകരമായി വാഹനമോടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി. രാത്രി 7.30-ഓടെ തെങ്ങണ കണ്ണവട്ടയിലായിരുന്നു സംഭവം. പായിപ്പാട് വെള്ളാപ്പള്ളിയിൽ നിന്ന് ചാഞ്ഞോടി, മാടപ്പള്ളി, പെരുമ്പനച്ചി, തെങ്ങണ വഴി കണ്ണവട്ട വരെ നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് കാർ മുന്നോട്ടുപോയത്.
കാറിന്റെ മുൻവശത്തെ ഒരു ടയർ പൊട്ടി ഡിസ്‌ക് റോഡിൽ ഉരഞ്ഞ നിലയിലായിരുന്നു യാത്ര. ടയർ പൊട്ടിയ ഭാഗത്തുനിന്ന് തീപ്പൊരിയും ഉയർന്നിരുന്നു. തിരുവല്ല സ്വദേശി ഗോകുൽ ബിനുവാണ് കാർ ഓടിച്ചിരുന്നത്. ചങ്ങനാശ്ശേരി മുക്കാട്ടുപടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ കാർ.
അപകടങ്ങൾ സൃഷ്ടിച്ചിട്ടും നിർത്താതെ പോയ കാറിനെ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്നു. ഒടുവിൽ തെങ്ങണ കണ്ണവട്ടയിൽ വെച്ച് വാഹനം തടഞ്ഞുനിർത്തി. തുടർന്ന് സ്ഥലത്തെത്തിയ തൃക്കൊടിത്താനം പൊലീസ് ഗോകുൽ ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.




