ന്യൂഡല്ഹി: അഗ്നിപഥ് പദ്ധതിയിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. അഗ്നിവീറുകളുടെ നിലവിലെ നാലുവർഷത്തെ സേവനകാലാവധി ആറുവർഷമായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നാലുവർഷത്തെ സേവനം പൂർത്തിയാക്കുന്ന അഗ്നിവീറുകളിൽ 75 ശതമാനം പേർക്ക് രണ്ടുവർഷം കൂടി സൈന്യത്തിൽ തുടരാൻ അവസരം ലഭിക്കും. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിലവിലെ വ്യവസ്ഥ പ്രകാരം നാലുവർഷത്തെ സേവനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ മാത്രമാണ് സ്ഥിരം സൈനിക സേവനത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ബാക്കിയുള്ള 75 ശതമാനം പേരുടെയും സേവനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പുതിയ തീരുമാനത്തോടെ ഇവർക്ക് രണ്ടുവർഷം കൂടി സൈന്യത്തിൽ തുടരാം. അധിക സേവനകാലാവധി പൂർത്തിയാക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ സ്ഥിരം സൈനിക സേവനത്തിലേക്ക് പ്രവേശിക്കാനും അവസരമുണ്ടാകും. പ്രകടനം, യോഗ്യത, ശാരീരികക്ഷമത, നിശ്ചിത തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥിരനിയമനം.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയാണ് പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങൾ അറിയിച്ചത്. അഗ്നിവീറുകളുടെ പ്രകടനം കഴിഞ്ഞ നാലുവർഷമായി വിലയിരുത്തിവരികയാണെന്നും ലഭിച്ച പ്രതികരണങ്ങൾ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കാലാകാലങ്ങളിൽ പുനഃപരിശോധിക്കുമെന്ന് തുടക്കംമുതൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നുനാല് മാസമായി ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിക സേവനകാലയളവിൽ അഗ്നിവീറുകൾക്ക് മെച്ചപ്പെട്ട വേതനവും ലഭിക്കും.
2022 ജൂണിലാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലേക്ക് നാലുവർഷത്തെ കരാർ അടിസ്ഥാനത്തിലാണ് അഗ്നിവീറുകളെ നിയമിക്കുന്നത്. ആദ്യ ബാച്ചിലെ ഏകദേശം 18,000 അഗ്നിവീറുകൾ ഈ വർഷം ഡിസംബറോടെ നാലുവർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് പുതിയ തീരുമാനം.




