കൊച്ചി: കൊച്ചിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിനി അക്ഷരയാണ് മരിച്ചത്. കാക്കനാട്-ഇടച്ചിറ റോഡിലെ ഐഎംജി ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീണതിനെ തുടർന്ന് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
‘മലയിൽ’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. സംഭവത്തിൽ ബസ് ഡ്രൈവർ ബിനോയിയെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര. വിവാഹിതയാണ്. യുവതിയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.
കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും സംബന്ധിച്ച് വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് വീണ്ടും ദാരുണമായ അപകടം ഉണ്ടായിരിക്കുന്നത്. നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കർശന നടപടി വേണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.



