ജിഎന്എ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി VD സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാദങ്ങള് പൊളിയുന്നു. ഹിമാചൽ പ്രദേശിൽ നിന്നും വൈദ്യുതി വാങ്ങിയാൽ 2,232 കോടി രൂപയുടെ ബാധ്യത വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നാണ് വസ്തുതകൾ വ്യക്തമാക്കുന്നത്. ഹിമാചൽ പ്രദേശ് വൈദ്യുതി കരാറിനായി 1,105 കോടി രൂപ മാത്രം ആവശ്യമായി വരുമ്പോൾ, പിന്നെ എങ്ങനെയാണ് 2,232 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന ചോദ്യം ശക്തമാണ്. എന്നാൽ, ജിഎൻഎയുമായി ഏർപ്പെടുന്ന കരാറിനായി യഥാർത്ഥത്തിൽ 2,008 കോടി രൂപയോളമാണ് ചെലവാകുന്നത്.
ജിഎൻഎ എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉയർത്തിയ വാദങ്ങളും കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക നിലപാടും തമ്മിൽ വലിയ പൊരുത്തക്കേടുകളാണുള്ളത്. ജി.എൻ.എ.യിൽനിന്ന് വൈദ്യുതി വാങ്ങുന്നത് സർക്കാരിന് ലാഭകരമാണെന്ന് മുഖ്യമന്ത്രി വാദിക്കുമ്പോൾ, എന്തുകൊണ്ടാണ് ഈ കരാർ കനത്ത സാമ്പത്തിക ബാധ്യതയും നിയമപ്രശ്നങ്ങളും സൃഷ്ടിക്കുന്നത് എന്ന് കെ.എസ്.ഇ.ബി. കൊമേഴ്സ്യൽ ആൻഡ് താരിഫ് വിഭാഗം ചീഫ് എൻജിനിയർ തയാറാക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിശദമായ കുറിപ്പ് അന്നത്തെ കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. എം.ജി. രാജമാണിക്യം സർക്കാരിന് കൈമാറിയിരുന്നു.
ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പീക്ക് ടൈമിൽ ജിഎൻഎ കൂടുതൽ വൈദ്യുതി നൽകുമെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പീക്ക് സമയത്ത് ജിഎൻഎയ്ക്ക് പരമാവധി 500 മെഗാവാട്ട് വൈദ്യുതി മാത്രമേ നൽകാൻ സാധിക്കൂ. കൂടാതെ, വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അംഗീകാരം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണ്. വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം ടെണ്ടർ നടപടികൾ ഇല്ലാതെ നേരിട്ട് വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്. ടെണ്ടറില്ലാതെ കരാർ ഒപ്പിട്ടാൽ റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കുകയുമില്ല. സെക്ഷൻ 108 പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ വൈദ്യുതി വാങ്ങുമ്പോഴും റെഗുലേറ്ററി കമ്മീഷന്റെ അനുമതി നിർബന്ധമാണെന്നാണ് ചട്ടം. ജി.എൻ.എ. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയല്ല; മറിച്ച് വിവിധ ഉത്പാദന കമ്പനികളുടെ വൈദ്യുതി വിൽക്കാനായുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണ്. നിലവിലെ കരാർ പ്രകാരം യൂണിറ്റിന് 15 പൈസ വീതം പ്ലാറ്റ്ഫോം ഫീസായി നൽകേണ്ടതുണ്ട്. എന്നാൽ കെ.എസ്.ഇ.ബി. പോലുള്ള വിതരണ ഏജൻസികൾക്ക് ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളിൽനിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്നതിന് കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ നിയമപരമായ അനുമതി ലഭ്യമല്ലെന്നും ബോർഡ് സർക്കാരിനെ അറിയിച്ചിരുന്നു.
കൂടാതെ, ജിഎൻഎ കരാർ പ്രകാരം പകൽ സമയത്തും ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ടിവരുമെന്ന ഗുരുതരമായ പ്രശ്നവും എം.ജി. രാജമാണിക്യം അടക്കമുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നു. പകൽ സമയത്ത് അധികമായി വരുന്ന വൈദ്യുതി സർണ്ടർ ചെയ്യേണ്ടി വന്നാൽ അത് കെ.എസ്.ഇ.ബിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ജിഎൻഎ കരാർ വഴി 903 കോടി രൂപയിലേറെ കെ.എസ്.ഇ.ബിക്ക് ബാധ്യത വരുമെന്നാണ് സിഎംഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സണ്ണി ജോസഫും ജിഎൻഎ കരാറിനെതിരെ രംഗത്തുവന്നത്.
ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാൾ 2,000 കോടിയുടെ ലാഭമാണ് ജിഎൻഎയിലൂടെ ലഭിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. പീക്ക് അവറുകളിൽ ജിഎൻഎയിൽ നിന്നും കൂടുതൽ വൈദ്യുതി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 14 രൂപ 50 പൈസ നിരക്കിൽ വൈദ്യുതി നല്കാമെന്ന ഹിമാചൽ സർക്കാരിന്റെ പ്രൊപ്പോസലും 8 രൂപ 63 പൈസ നിരക്കിൽ വൈദ്യുതി നൽകാമെന്ന ജിഎൻഎയുടെ പ്രൊപ്പോസലുമാണ് തന്റെ മുന്നിലുണ്ടായിരുന്നതെന്നും, ഹിമാചൽ പ്രൊപ്പോസൽ സ്വീകരിച്ചാൽ 2,232 കോടിയുടെ അധിക ബാധ്യത വരുമെന്നതിനാലാണ് ജിഎൻഎ തിരഞ്ഞെടുത്തതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഒന്നും അന്വേഷിക്കാതെയാണ് പ്രതിപക്ഷ നേതാവ് സ്വകാര്യ കമ്പനിയാണെന്ന ആക്ഷേപം ഉന്നയിക്കുന്നതെന്നും, മുൻകാല സർക്കാരുകളുടെ കാലത്തും ഇതേ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ജിഎൻഎയുമായി കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് സ്ഥാനമാറ്റത്തിന് തൊട്ടുമുമ്പും കർശന നിലപാടാണ് എം.ജി. രാജമാണിക്യം സ്വീകരിച്ചിരുന്നത്.
ജിഎൻഎയുമായി കരാറിൽ ഒപ്പിടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നിർദേശമുണ്ടായെങ്കിലും, കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുന്ന ആ കരാറിൽ ഒപ്പിടാൻ അദ്ദേഹം തയാറായില്ല. ടെണ്ടർ നടപടികൾ പാലിക്കാതെ കരാറിൽ ഒപ്പിടണമെന്നായിരുന്നു സമ്മർദ്ദം. ഹിമാചൽ സർക്കാർ 12 രൂപ 50 പൈസ നിരക്കിലാണ് വൈദ്യുതി നൽകുന്നതെങ്കിൽ, ജിഎൻഎ 8 രൂപ 63 പൈസയാണ് ക്വാട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പീക്ക് സമയത്ത് അവർ നൽകുന്ന 500 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന്റെ ആവശ്യത്തിന് തികയാതെ വരും. ഇങ്ങനെയുണ്ടാകുന്ന കുറവ് നികത്താൻ സംസ്ഥാനം മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടി വരും. പീക്ക് സമയത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ യൂണിറ്റിന് ഏകദേശം 20 രൂപയോളം ചെലവ് വരുമെന്നാണ് രാജമാണിക്യം ചൂണ്ടിക്കാണിച്ച പ്രധാന പ്രതിസന്ധി.
മറുവശത്ത്, ഹിമാചൽ കരാർ പ്രകാരം 12 രൂപ നിരക്കിൽ സംസ്ഥാനത്തിന് എത്ര വൈദ്യുതി ആവശ്യമാണോ അത്രയും പൂർണ്ണമായി ലഭ്യമാകും എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ജിഎൻഎ കരാറിലാകട്ടെ, പകൽ സമയത്ത് വൈദ്യുതി ആവശ്യമില്ലാത്തപ്പോഴും യൂണിറ്റിന് 8 രൂപ 63 പൈസ നൽകി നിർബന്ധമായും വൈദ്യുതി വാങ്ങേണ്ടി വരുന്ന വലിയൊരു കുരുക്ക് നിലനിൽക്കുന്നുണ്ട്. പകൽ സമയം യാതൊരുവിധ വൈദ്യുതി ക്ഷാമവുമില്ലാത്ത ഘട്ടത്തിലും 500 മെഗാവാട്ട് വൈദ്യുതി വാങ്ങേണ്ടി വരുന്നത് സർക്കാരിന് കനത്ത ബാധ്യതയായി മാറുമെന്നാണ് വിദഗ്ധരും മുൻ ചെയർമാനും ചൂണ്ടിക്കാണിക്കുന്നത്.


