ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെയും ബന്ധുക്കളെയും ഉൾപ്പെടെ ഏഴുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ പിടിയിൽ. കുടുംബവഴക്കിനെത്തുടർന്ന് കൊലപാതകം നടത്തിയെന്ന ആരോപണത്തിൽ ഇന്ദു ശേഖർ (45) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സുനിത, ഭർതൃമാതാവ് രൂപവതി, ഭാര്യയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.
കൃത്യമായ ആസൂത്രണത്തോടെയാണ് ഇന്ദു ശേഖർ കൊലപാതകങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആദ്യം ഭാര്യ സുനിതയെ കൊലപ്പെടുത്തിയ ഇയാൾ, വീട്ടിൽ പാർട്ടിയുണ്ടെന്ന് പറഞ്ഞ് സുനിതയുടെ സഹോദരന്മാരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയശേഷം സഹോദരന്മാരുടെ ഭാര്യമാരെയും അമ്മായിയമ്മയെയും ഏഴുവയസ്സുകാരനായ കുട്ടിയെയും വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
അരക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന് പിന്നാലെ മൃതദേഹങ്ങൾ സ്വന്തം വാഹനത്തിൽ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിജനമായ സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ഉപേക്ഷിച്ചു. വീട്ടിലെ രക്തക്കറകളും മറ്റ് തെളിവുകളും നശിപ്പിക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഴുപേരെയും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൂട്ടക്കൊലയുടെ വിവരം പുറത്തുവന്നത്. കൊല്ലപ്പെട്ട ഏഴുവയസ്സുകാരൻ പുനീതിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് ആറുപേരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.




