കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് നിയമലംഘനമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്നും വ്യക്തമാക്കിയാണ് ട്രൈബ്യൂണൽ അപേക്ഷ തള്ളിയത്.
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ നഷ്ടപരിഹാര അപേക്ഷയാണ് ട്രൈബ്യൂണൽ തള്ളിയത്. അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘകാലം ചികിത്സ തേടിയെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം.
കൊല്ലം–എറണാകുളം മെമുവിൽ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽനിന്ന് വീണാണ് പരിക്കേറ്റതെന്നായിരുന്നു തോമസ് ജോണിന്റെ വാദം. എന്നാൽ തെളിവുകൾ ചൂണ്ടിക്കാട്ടി റെയിൽവേ ഈ വാദം തള്ളി.
സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാൻ ഫുട് ഓവർ ബ്രിഡ്ജ് സൗകര്യമുണ്ടായിട്ടും അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ കടന്നുപോയത് അപകടസാധ്യത സൃഷ്ടിച്ച നടപടിയാണെന്ന് റെയിൽവേ വാദിച്ചു. ട്രെയിൻ യാത്രയ്ക്കിടെ സംഭവിക്കുന്ന അപകടങ്ങൾക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളതെന്നും റെയിൽവേ ചൂണ്ടിക്കാട്ടി.
റെയിൽവേയുടെ വാദങ്ങൾ പരിഗണിച്ച ട്രൈബ്യൂണൽ, സ്വന്തം അശ്രദ്ധയും നിയമലംഘനവും മൂലം അപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് അപേക്ഷ തള്ളിയത്.


