കൊച്ചി: കൊച്ചിയിൽ സിനിമാ താരവും സംഘവും ചേർന്ന് ഡോക്ടറെ മർദിച്ച കേസിൽ നടി അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള കടവന്ത്ര പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പൊലീസിന്റെ വാദം പരിഗണിച്ചാണ് കോടതി നടപടി. ഉടൻതന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് കടവന്ത്ര പൊലീസിന്റെ നീക്കം. ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പ്രതികൾ മേൽക്കോടതിയെ സമീപിച്ചേക്കും.
അതേസമയം, ആക്രമണ കേസിലെ പരാതിക്കാരനും ബലാത്സംഗ കേസിൽ പ്രതിയുമായ ഡോക്ടർ ജോൺസൺ കെ. വർഗീസിന്റെ ഫോണിൽ നിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ആക്രമണക്കേസിലെ പ്രതികളാണ് ഡോക്ടറുടെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയത്. ദൃശ്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കൂടുതൽ യുവതികൾ പരാതിയുമായി എത്തിയാൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒളിവിലുള്ള ഡോക്ടർ ജോൺസൺ കെ. വർഗീസിനെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഡോക്ടറെ ആക്രമിച്ച കേസിൽ ആകെ 12 പേരാണ് പ്രതികൾ. ഇതിൽ നടി ഉൾപ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ശേഷിക്കുന്ന ഒമ്പത് പ്രതികളെ കൂടി കണ്ടെത്താനുണ്ട്.


