കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കളിപ്പാവയായി മാറിയെന്നും ട്രംപിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ നടന്ന ജന്തർ മന്തർ @ കൊച്ചി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഭിജീത് ദീപ്കെ.
സിജെപിക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന ബിജെപി ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. വിദേശ ഫണ്ട് ലഭിക്കുന്നത് സിജെപിക്കല്ല, മോദിക്കാണെന്നായിരുന്നു അഭിജീത് ദീപ്കെയുടെ പരിഹാസം. ട്രംപിന്റെ താരിഫ് ഭീഷണിക്ക് മുന്നിൽ മോദി കീഴടങ്ങിയെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾ വിട്ടുകൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധം അടിച്ചമർത്താൻ കേന്ദ്ര സർക്കാർ പരമാവധി ശ്രമിച്ചെന്നും എന്നാൽ കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നും അഭിജീത് പറഞ്ഞു. ദേശീയ പതാക ഉയർത്തിയതിനാണ് താൻ ജയിലിൽ പോയതെന്നും രാജ്യത്തിന്റെ ഏത് കോണിൽ പോയാലും ദേശീയ പതാക ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അഭിജീത് ആരോപിച്ചു. നെഹ്റുവിനും ഗാന്ധിജിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ലെന്നും എത്ര വർഷം ഭരിച്ചാലും നെഹ്റുവിനേക്കാൾ വലിയ നേതാവാകാൻ മോദിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം മോദിയുടെ ഭയമാണ് വ്യക്തമാക്കുന്നതെന്നും 2029ൽ മോദി അധികാരത്തിൽനിന്ന് പുറത്താകുമെന്നും അഭിജീത് ദീപ്കെ പ്രവചിച്ചു. രാജ്യത്ത് മതത്തിന്റെ പേരിൽ കലാപങ്ങൾ സൃഷ്ടിക്കുന്നതാരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും തങ്ങൾ കലാപമുണ്ടാക്കാനല്ല എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്തറിൽ പ്രതിഷേധം നടത്താനുള്ള ശ്രമത്തിനിടെ സിജെപി നേതാക്കൾ ഡൽഹിയിൽ അറസ്റ്റിലായ സംഭവത്തിന് പിന്നാലെയാണ് കൊച്ചിയിൽ സംഘടനയുടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.


