കൊച്ചി: സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും വീണ്ടും അപകടത്തിനിടയാക്കി. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടത്. അപകടത്തിൽ പരിക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി.
മേനക ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ മഹാത്മ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസവും കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചിരുന്നു. തൃശ്ശൂർ സ്വദേശിയും ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ അക്ഷരയാണ് മരിച്ചത്. കാക്കനാട്-ഇടച്ചിറ റോഡിലെ ഐഎംജി ജംഗ്ഷനിലായിരുന്നു അപകടം. ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ ഇടുങ്ങിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്നാണ് യുവതി മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ബിനോയിയെ മനപ്പൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചിയിലെ സ്വകാര്യ ബസുകളുടെ അമിതവേഗതയ്ക്കും അപകടകരമായ ഡ്രൈവിംഗിനുമെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
അമിതവേഗത്തിലും അപകടകരമായ രീതിയിലും ഓടിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. നടപടി സ്വീകരിച്ചില്ലെങ്കിൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.


