അബുദാബി: ഒമാൻ കടലിൽ തീപിടിത്തമുണ്ടായ ചരക്കുകപ്പലിൽ നിന്ന് 22 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി യുഎഇ നാഷണൽ ഗാർഡ്. കപ്പലിൽ തീപിടിച്ചതായി ജീവനക്കാർ കോസ്റ്റ് ഗാർഡിന് സന്ദേശം നൽകിയതിനെ തുടർന്ന് പ്രത്യേക രക്ഷാപ്രവർത്തക സംഘം ഉടൻ സ്ഥലത്തെത്തി. ദ്രുതഗതിയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
കപ്പലിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം ആരംഭിച്ചത്. കപ്പലിലുണ്ടായിരുന്നവരെല്ലാം അറബ് പൗരന്മാരാണെന്ന് യുഎഇ നാഷണൽ ഗാർഡ് അറിയിച്ചു. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിന് തീപിടിക്കാനുണ്ടായ കാരണവും വ്യക്തമല്ല.
കഴിഞ്ഞ മാസവും അറേബ്യൻ ഉൾക്കടലിൽ തീപിടിച്ച എണ്ണക്കപ്പലായ എം.ടി. ജെം നമ്പർ 2ൽ നിന്ന് 22 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് പിന്നീട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സ്ഥിരീകരിച്ചിരുന്നു.
ഒമാൻ കടലിലും അറേബ്യൻ ഉൾക്കടലിലും കപ്പലുകളിലുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയുടെ രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ ഇടപെടൽ വീണ്ടും ശ്രദ്ധേയമാവുകയാണ്.


