മുട്ടയിൽ പല വിഭവങ്ങൾ പരീക്ഷിച്ച് മടുത്തിരിക്കുകയാണോ? എന്നാൽ ഈ റെസിപ്പി നിങ്ങൾക്ക് ഉള്ളതാണ്. മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു അടിപൊളി വിഭവമാണ് മുട്ട മസാല ഫ്രൈ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
മുട്ട – 6 എണ്ണം
മഞ്ഞൾ പൊടി – ¼ ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
കുരുമുളക് പൊടി – ½ ടീസ്പൂൺ
ഗരം മസാല – ¼ ടീസ്പൂൺ
വെളിച്ചെണ്ണ – ½ ടീസ്പൂൺ
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇഡ്ഡലി തട്ടിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടിയ ശേഷം ഓരോ മുട്ടയും പൊട്ടിച്ചു ഒഴിച്ച് കൊടുക്കാം. ശേഷം ഇഡ്ഡലി പാത്രത്തിൽ വെച്ച് അഞ്ചു മിനിറ്റ് ആവിയിൽ മുട്ട വേവിച്ചെടുക്കാം. വേവിച്ച മുട്ട ഇഡ്ഡലി തട്ടിൽ നിന്നും എടുത്തു മാറ്റാം. ഇനി ഒരു ബൗളിലേക്കു മഞ്ഞൾ പൊടി, കാശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത മസാല റെഡി ആക്കി എടുക്കുക. ഇനി ഓരോ മുട്ടയിലും മസാല തേച്ചു കൊടുക്കാം. ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മസാല പുരട്ടിയ മുട്ട വെളിച്ചെണ്ണയിൽ ഇട്ടു വറുത്തെടുക്കാം. ചെറിയ തീയിൽ വേണം വറുത്തെടുക്കാൻ. മുട്ടയുടെ ഒരു വശം ഫ്രൈ ആയി വന്നാൽ തിരിച്ചിട്ടു കൊടുക്കാം. രണ്ടു വശവും ഫ്രൈ ആയി വന്നാൽ വെളിച്ചെണ്ണയിൽ നിന്നും എടുത്തു മാറ്റുക. ടേസ്റ്റി മുട്ട മസാല ഫ്രൈ തയ്യാർ.


