കാസർകോട്: കൊവിഡ് ബാധിതനായ 67കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും ബന്ധുവിനും ജീവപര്യന്തം തടവുശിക്ഷ. കാസർകോട് പിലിക്കോട് മടിവയലിൽ പത്താനത്ത് കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ജാനകി (55), ബന്ധുവായ രാജേഷ് (40) എന്നിവർക്ക് കോടതി ശിക്ഷ വിധിച്ചത്.
അഡീഷണൽ ജില്ലാ സെഷൻസ് കോടതി-രണ്ട് ജഡ്ജി രാമു രമേഷ് ചന്ദ്രബാനുവാണ് ശിക്ഷ വിധിച്ചത്. ഇരുവർക്കും ജീവപര്യന്തം തടവിനൊപ്പം രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തി. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. കൂടാതെ, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറിയ കുറ്റത്തിന് രണ്ടാം പ്രതിയായ രാജേഷിന് 10 വർഷം അധിക തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതിയായ അനിൽ വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
2021 ജൂലൈ 21ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിക്കുറവുണ്ടായ കുഞ്ഞമ്പു വീട്ടിലെ ഹാളിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ഭർത്താവിനെ പരിചരിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ഇരുവരും തമ്മിലുള്ള നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്.
ജാനകിയുടെ നിർദേശപ്രകാരം രാജേഷും അനിലും ചേർന്ന് ജാനകിയുടെ സാന്നിധ്യത്തിൽ കുഞ്ഞമ്പുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞമ്പുവിന്റെ ബന്ധുവായ പ്രമോദ് നൽകിയ പരാതിയിലാണ് ചന്തേര പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷൻ 30 സാക്ഷികളെ വിസ്തരിച്ചു. 58 രേഖകളും 10 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി. ചന്ദ്രമോഹനൻ ഹാജരായി.


