തിരുവനന്തപുരം: ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽനിന്ന് പിന്മാറാൻ തീരുമാനിച്ചെങ്കിലും വൈദ്യുതി മന്ത്രിയുടെ അതൃപ്തി തുടരുന്നു. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം സംശയനിഴലിലായതാണ് മന്ത്രി സണ്ണി ജോസഫിന്റെ അമർഷത്തിന് കാരണം. അതേസമയം, അഴിമതിക്കുള്ള ശ്രമം പുറത്തായതോടെയാണ് കരാറിൽനിന്ന് പിന്മാറിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഏപ്രിൽ വരെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നാണ് കെഎസ്ഇബിയുടെ പുതിയ വിലയിരുത്തൽ.
സ്വകാര്യ കമ്പനിയായ ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് ഊർജ വകുപ്പ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും മുഖ്യമന്ത്രിയെ അറിയിച്ച വിവരം മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇതിലുള്ള അതൃപ്തി മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമായിരുന്നു. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ മന്ത്രി പിന്തുണച്ചിരുന്നു. എന്നാൽ ഈ നീക്കത്തെ സംശയത്തോടെ കാണുന്നതിനോടാണ് മന്ത്രിക്ക് എതിർപ്പ്. ജിഎൻഎയുമായുള്ള ഇടപാടിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മുൻ കെഎസ്ഇബി ചെയർമാൻ സർക്കാരിനെ അറിയിച്ചതിനെക്കുറിച്ച് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. എന്നാൽ കരാറിൽനിന്നുള്ള പിന്മാറ്റത്തെ അത്ര നിഷ്കളങ്കമായി കാണുന്നില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
നവംബർ മുതൽ മേയ് വരെ വൈദ്യുതിയുടെ പീക്ക് ഡിമാൻഡിൽ 17 മുതൽ 23 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് കെഎസ്ഇബി നേരത്തെ പ്രവചിച്ചിരുന്നത്. വൈദ്യുതിയുടെ ആവശ്യകതയും ലഭ്യതയും സംബന്ധിച്ച കണക്കുകൾ ലോഡ് ഡിസ്പാച്ച് സെന്ററാണ് തയ്യാറാക്കുന്നത്. ഇവ പരിശോധിച്ച് അംഗീകരിക്കുന്ന കെഎസ്ഇബി കോർ കമ്മിറ്റിയാണ് വൈദ്യുതി വാങ്ങുന്നതിനുള്ള ശുപാർശ നൽകുന്നത്. ഹിമാചൽ വൈദ്യുതി വാങ്ങുന്നതിനുള്ള കോർ കമ്മിറ്റിയുടെ ശുപാർശയെ അനുകൂലിക്കുന്നുവെന്ന് മുൻ ചെയർമാൻ എം.ജി. രാജമാണിക്യം രേഖപ്പെടുത്തിയ ഫയൽക്കുറിപ്പും പുറത്തുവന്നിരുന്നു. വൈദ്യുതി ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ വേനൽക്കാലത്തടക്കം പവർകട്ട് ഏർപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
പുതിയ ചെയർമാൻ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് വിലയിരുത്തുമ്പോഴാണ് മുൻ ചെയർമാൻ നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. അടുത്ത ആറുമാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും ഹ്രസ്വകാല കരാറുകൾ ആവശ്യമില്ലെന്നുമാണ് കെഎസ്ഇബിയുടെ പുതിയ വിലയിരുത്തൽ. അതേസമയം, വേനൽക്കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള നീക്കങ്ങളും ബോർഡ് ആരംഭിച്ചിട്ടുണ്ട്.
സിന്നാർ താപനിലയത്തിൽനിന്ന് മാർച്ചോടെ 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാർ ഉറപ്പിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. കരാർ യാഥാർഥ്യമായാൽ ജനുവരിയിൽ 270 മെഗാവാട്ട് ലഭിക്കും. യൂണിറ്റിന് 5.18 രൂപയാണ് വില. ഇതിനിടെ സെപ്റ്റംബർ മുതൽ ലഭിച്ചിരുന്ന 150 മെഗാവാട്ട് അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ വരെ നീട്ടിയതും കെഎസ്ഇബിക്ക് ആശ്വാസമായിട്ടുണ്ട്.



