കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മലയാളി യുവാവ് അക്ഷയ് ഹരീഷ് നാളെ നാട്ടിലേക്ക് മടങ്ങും. യാത്രയ്ക്കാവശ്യമായ രേഖകൾ നാളെ തന്നെ കൈമാറും. തുടർന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങളും ഒരുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ഇന്ത്യൻ എംബസി അക്ഷയ്യെ നേരിട്ട് ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിച്ചു.
കൊല്ലം സ്വദേശിയായ 22കാരൻ അക്ഷയ് ഹരീഷ് അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്യുകയായിരുന്നു. പാക്ക് തുറമുഖത്തെത്തിയപ്പോൾ പരിശോധനയ്ക്കായി പാസ്പോർട്ടും മറ്റ് യാത്രാരേഖകളും അധികൃതർക്ക് കൈമാറിയിരുന്നു. പരിശോധനയ്ക്കുശേഷം രേഖകൾ കപ്പൽ ക്യാപ്റ്റനെ ഏൽപ്പിച്ചിട്ടുണ്ടെന്നാണ് അക്ഷയ് കരുതിയിരുന്നത്. എന്നാൽ ഇറാനിൽ തിരിച്ചെത്തിയപ്പോഴാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്നും നഷ്ടപ്പെട്ടെന്നും വ്യക്തമായത്. അക്ഷയ്ക്കൊപ്പം ഉണ്ടായിരുന്ന ആറ് മ്യാൻമർ സ്വദേശികളുടെയും യാത്രാരേഖകൾ നഷ്ടപ്പെട്ടിരുന്നു.
മകനെ നാട്ടിലെത്തിക്കാൻ ഇടപെട്ട സുരേഷ് ഗോപിയോട് അക്ഷയ്യുടെ അമ്മ നന്ദി അറിയിച്ചിരുന്നു. ആഴ്ചകളോളം കപ്പലിൽ കുടുങ്ങിക്കിടന്ന അക്ഷയ് ഉൾപ്പെടെയുള്ള ഏഴ് പേരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി. ആറ് മ്യാൻമർ സ്വദേശികളും രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ അക്ഷയ് മാത്രമാണ് ഇറാനിൽ ശേഷിച്ചത്.
അക്ഷയ്യെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവർ ചർച്ച നടത്തിയിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശി ഹരീഷിന്റെയും സരിത ഹരീഷിന്റെയും മകനാണ് അക്ഷയ്.


