എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു. കഴിഞ്ഞ ദിവസം സമര സ്ഥലത്തെത്തിയ പൊലീസ് വളർമതിയെയും സംഘത്തെയും വലിച്ചിഴച്ചാണ് മാറ്റിയത്. നിരാഹാര സമരം തുടരുന്ന വളർമതിയുടെ ആരോഗ്യം കണക്കിലെടുത്തിട്ടാണ് ഇത്തരത്തിൽ തീരുമാനിച്ചതെന്നായിരുന്നു പൊലീസ് വാദം. എന്നാലിപ്പോൾ പൊലീസ് വാദങ്ങളെയെല്ലാം തള്ളി വളർമതി അടക്കമുള്ളവർ രംഗത്ത് എത്തുകയാണ്.
തന്റെ ആരോഗ്യം കണക്കിലെടുത്താണോ ഇന്നലെ രാത്രി ഈ കാട്ടിക്കൂട്ടിയതൊക്കെയെന്നായിരുന്നു വളർമതി ചോദിക്കുന്നത്. വലിച്ചിഴച്ചു കൊണ്ടുപോകാൻ തങ്ങൾ ക്രിമിനൽ കേസിലകപ്പെട്ട പ്രതികളല്ലെന്ന് പ്രതിഷേധിക്കുന്നവർക്ക് പറയേണ്ട ഗതികേടിലാണ്. കേരളത്തിൽ അല്ലാതെ ഒരു സംസ്ഥാനത്തും ഇതൊന്നും നടക്കില്ല. തൊഴിലിന് വേണ്ടി ഗാന്ധി മാർഗത്തിലൂടെ സമാധാനമായി സമരം ഇരിക്കുന്നവരാണ് ഞങ്ങൾ. സമരപ്പന്തൽ പൊളിക്കാൻ വേണ്ടിയാണോ ആശുപത്രിയിലേക്ക് മാറ്റിയത് എന്നറിയണമെന്നാണ് വളർമതി പറയുന്നത്.
വാർഡിലേക്കു മാറ്റിയതിനു പിന്നാലെ യുവമോർച്ച പ്രവർത്തകരുടെ സഹയത്തോടെയാണ് വളർമതി വീണ്ടും സമരപ്പന്തലിൽ എത്തിയത്. സമരത്തിന് അനുകൂലമായി പ്രതിഷേധിച്ച പ്രതിപക്ഷ സംഘടനാ പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച, എഐവൈഎഫ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചത്. ഇടത്, ബിജെപി നേതാക്കൾ ഉൾപ്പെടെ സമരപ്പന്തലിൽ എത്തി പിന്തുണ അറിയിച്ചു.
നിയമസഭയിൽ കൊടുത്ത കള്ളക്കണക്ക് ആവർത്തിക്കുകയാണ് സർക്കാർ ചെയ്യുന്നത്. യുഡിഎഫിന്റെയും ലീഗിൻ്റെയും അനുകൂലികളായ ചിലർ ലിസ്റ്റിലുണ്ട്. അവരാരും ഈ സമരത്തിൽ ഇല്ല. തങ്ങൾ വോട്ട് ചെയ്തിട്ടാണ് നിങ്ങൾ അധികാരത്തിലേറിയതെന്ന ഓർമപ്പെടുത്തൽ കൂടി ഇവർ നൽകുന്നുണ്ട്. കോഴക്കാർ മാത്രമല്ല വോട്ട് ചെയ്തതെന്നും വളർമതി പറയുന്നു. വിഡി സതീശന്റെ മുഖ്യമന്ത്രി കസേര ഇവരെയെല്ലാം വഞ്ചിച്ച് നേടിയതാണെന്നാണ് സിപിഎം പറയുന്നത്.
യുഡിഎഫ് സർക്കാർ തല്ലിച്ചതയ്ക്കാൻ ശ്രമിച്ചിട്ടും നീതി തേടിയുള്ള എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം വർധിതവീര്യത്തോടെ തുടരുന്നു. പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത വളർമതിക്ക് പിന്നാലെ കാസർകോട് സ്വദേശി എം ജയകൃഷ്ണനും നിരാഹാരസമരം തുടരുകയാണ്. ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി നിരവധിപേർ സമരപ്പന്തലിലെത്തുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിനും പ്രസിഡന്റ് ചിന്ത ജെറോമും ഉദ്യോഗാർഥികളുമായി സംസാരിച്ചു. ബുധൻ രാത്രി ഇരച്ചെത്തി പൊലീസ് സമരപ്പന്തൽ പൊളിച്ചതോടെ ഡിവൈഎഫ്ഐയാണ് ഉദ്യോഗാർഥികൾക്കായി പുതിയ സമരപ്പന്തൽ നിർമിച്ചത്. ഒരു സമരപ്പന്തൽ പൊളിച്ചാൽ ആയിരം സമരപ്പന്തൽ ഉയരുമെന്നാണ് എം വിജിൻ പ്രതികരിച്ചത്. വളർമതിയുടെ മെഡിക്കൽ രേഖകൾ അവരുടെ കയ്യിലില്ല, പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. സാധാരണയായി എല്ലാ ദിവസവും ഡിവൈഎഫ്ഐ പ്രവർത്തകർ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്താറുണ്ട്. എന്നാൽ ഇവർ പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പൊലീസ് എത്തിയത് എന്നതും ശ്രദ്ധേയം.
മരിച്ചാലും സമരത്തിൽനിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഉദ്യോഗാർഥികൾ. തെരഞ്ഞെടുപ്പ് സമയത്ത് തങ്ങൾക്ക് നൽകിയ വാക്ക് മുഖ്യമന്ത്രി പാലിക്കണം. ക്രിമിനൽ കേസ് എടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. സമാധാനപരമായ രീതിയിൽ സമരം തുടരുമെന്നും ജയകൃഷ്ണൻ പറഞ്ഞു.
ബുധൻ രാത്രി ഒമ്പതോടെയായിരുന്നു പൊലീസ് ആക്രമണം. മറ്റ് ഉദ്യോഗാർഥികൾ ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കിയാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, വളർമതിയെ ബലാൽക്കാരമായി കസ്റ്റഡിയിലെടുത്തത്. സമരക്കാരുടെ മൈക്കും കസേരയും കട്ടിലും പിടിച്ചെടുത്തു. നിമിഷങ്ങൾക്കകം ഡിവൈഎഫ്ഐ പ്രവർത്തകർ അതേ സ്ഥാനത്ത് സമരപ്പന്തൽ ഉയർത്തി. ഉദ്യോഗാർഥികൾ സമരവും പുനരാരംഭിച്ചു. ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിലേക്ക് മാറ്റിയ വളർമതി ആശുപത്രിയിലും നിരാഹാരസമരം തുടരുകയാണ്.
സമരംചെയ്യാനുള്ള അവകാശം ചോദ്യംചെയ്ത മറ്റ് ഉദ്യോഗാർഥികളെ പൊലീസുകാർ പിടിച്ചുതള്ളി. ബുധനാഴ്ച സമരപ്പന്തലിൽനിന്ന് ഉദ്യോഗാർഥികളെ നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെയും സിറ്റി പൊലീസ് കമീഷണറുടെയും കർശന നിർദേശമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടുമുതൽ സമരപ്പന്തലിനുസമീപം പൊലീസ് തമ്പടിച്ചിരുന്നു. ബുധനാഴ്ച രാത്രി 7.30ന് കൂടുതൽ പൊലീസുകാരെത്തി. ഒമ്പതിന് വളർമതിയുടെ അടുത്തെത്തി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അവസാനിപ്പിക്കില്ലെന്ന് വളർമതി അറിയിച്ചതോടെ മൂന്ന് സിഐമാരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസിനെ തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകരെയും ആക്രമിച്ചു. സമീപത്ത് വി ഡി സതീശനെതിരായ പോസ്റ്ററുകൾ പതിച്ചിരുന്നതും നീക്കി.
സമാധാനപരമായി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ നേരിടുകയാണ് സർക്കാർ. വളർമതി മുടി മുറിച്ചപ്പോൾ കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ അതിക്രമത്തിന് നേതൃത്വം നൽകുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിക്കുന്നത്. രണ്ട് ദിവസം മുമ്പായിരുന്നു വളർമതി മുടി മുറിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനേറെ, സമരപന്തൽ പൊളിച്ചതിനെ പ്രിയങ്ക ഗാന്ധി പോലും വിമർശിക്കുകയാണ്. സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അക്രമമുണ്ടായാൽ പൊലീസ് ഇടപെടണം. എന്നാൽ സമരം സമാധാനപരമാണെങ്കിൽ പ്രതിഷേധിക്കാൻ അനുവദിക്കണം. സമാധാനപരമായ സമരങ്ങളെ തടയരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വിഷയം എന്തായാലും സിപിഎമ്മും ബിജെപിയും വരെ ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം, സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതിരോധവുമായി മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. സമരപ്പന്തൽ പൊളിച്ചത് നോട്ടീസ് നൽകിയ ശേഷമാണെന്നും, ജനാധിപത്യ സമരത്തോട് സർക്കാരിന് യാതൊരു അസഹിഷ്ണുതയുമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ വിശദീകരണം. കോടതി നിർദ്ദേശപ്രകാരമാണ് പൊലീസ് പന്തൽ പൊളിച്ചതെന്നും, വഴി തടസ്സപ്പെടുത്തി നിർമ്മിച്ച പന്തലാണ് മാറ്റിയതെന്നുമാണ് ആഭ്യന്തര മന്ത്രി ചെന്നിത്തലയുടെ നിലപാട്.
നരേന്ദ്ര മോദി സർക്കാർ സമരത്തെ നേരിട്ടതിനെക്കാൾ ജനാധിപത്യവിരുദ്ധമായാണ് യുഡിഎഫ് സർക്കാർ സമരത്തെ നേരിട്ടതെന്ന അഭിപ്രായമാണ് സിപിഎം നേതാവ് പി രാജീവിന്റേത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി ഡി സതീശൻ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ സമരമാണ് എൽപിഎസ്ടി സമരം. വളർമതി തലമുണ്ടനം ചെയ്യുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നുവെന്ന് പറഞ്ഞ വി ഡി സതീശൻ അവർക്കെതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ആശാ സമരം നടന്നപ്പോൾ സമരപ്പന്തൽ അവിടെത്തന്നെ ഉണ്ടായിരുന്നു. എല്ലാ ദിവസവും പ്രതിപക്ഷ നേതാവ് സമരപ്പന്തലിൽ പോവുകയും ചെയ്തിട്ടുണ്ട്. ഇത്രയും ഹിപ്പോക്രസി ഉള്ള അവസരവാദം സ്വീകരിക്കുന്ന, പറഞ്ഞതെല്ലാം വിഴുങ്ങുന്ന സർക്കാരാണ് ഭരിക്കുന്നതെന്നും പി രാജീവ് വിമർശിച്ചു.
എന്നാൽ ഒരു പടികൂടി കടന്നുള്ള പരിഹാസമാണ് സിജെപി നടത്തിയിരിക്കുന്നത്. നേരത്തെ വളർമതി മുടി മുറിച്ചപ്പോൾ കണ്ണീരൊഴുക്കിയവർക്ക് സമരപ്പന്തൽ പൊളിച്ചപ്പോൾ കണ്ണീരില്ലാതായോ എന്ന് പരിഹാസപൂർവം ചോദിച്ചുകൊണ്ട് കണ്ണീർദാന ക്യാമ്പ് സംഘടിപ്പിക്കാനാണ് സിജെപി ഒരുങ്ങുന്നത്.
അതേസമയം, ഈ വിവാദങ്ങളുടെയെല്ലാം കേന്ദ്ര ബിന്ദുവായ വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും സംഘപരിവാർ നിയമനമെന്ന ആരോപണവും ഉയരുന്നുണ്ട്. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളുടെ സംഘത്തിലാണ് സംഘപരിവാർ അധ്യാപക സംഘടനാ നേതാവിനെ നിയമിച്ചത്. ഇതാദ്യമായാണ് ബിജെപി അധ്യാപക സംഘടനാ പ്രതിനിധി ഫൗണ്ടേഷനിൽ അംഗമാകുന്നത്. എൽഡിഎഫ് കാലത്ത് അഞ്ചുപേരിൽ ഒരാൾ യുഡിഎഫ് അധ്യാപക സംഘടനാ പ്രതിനിധിയായിരുന്നു.


