കോഴിക്കോട്: ട്രെയിൻ വഴി 34 കിലോയിലധികം കഞ്ചാവ് കടത്തിയ കേസിൽ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന മലപ്പുറം സ്വദേശി പിടിയിൽ. കൽപകഞ്ചേരി മഞ്ഞച്ചോല കടിയപ്പുറം സ്വദേശി കെ.പി. സുഹൈൽ (32) ആണ് കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെയും മിനോട്ടി സർദാർ എന്ന സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടർ അന്വേഷണത്തിലാണ് സുഹൈലിലേക്ക് പൊലീസ് എത്തിയത്.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺവിളി വിവരങ്ങളും പരിശോധിച്ചതോടെയാണ് സുഹൈലിന്റെ പങ്ക് കണ്ടെത്തിയത്. ഒഡിഷയിൽനിന്ന് കഞ്ചാവ് എത്തിച്ചുനൽകിയിരുന്ന പശ്ചിമബംഗാൾ സ്വദേശി അബ്ദുൽ ബറാലിയുമായി സുഹൈൽ ലക്ഷക്കണക്കിന് രൂപയുടെ യുപിഐ ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. അബ്ദുൽ ബറാലിയിൽനിന്ന് കഞ്ചാവ് വാങ്ങി തിരൂർ മേഖലയിലാണ് സുഹൈൽ വിതരണം ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നിരവധി ലഹരിമരുന്ന്, ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹൈലിനെ ബുധനാഴ്ച ഉച്ചയ്ക്ക് കൽപകഞ്ചേരിയിലെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. കുഴൽമന്ദം, കുറ്റിപ്പുറം എക്സൈസ് റേഞ്ചുകളിലും കൽപകഞ്ചേരി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


