ചെന്നൈ: ആറുമാസം മാത്രം പ്രായമായ തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പാർട്ടി എംഎൽഎമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ നടന്ന യോഗം രണ്ടേമുക്കാൽ മണിക്കൂറോളം നീണ്ടു.
മിക്ക എംഎൽഎമാരുമായും വിജയ് പ്രത്യേകം സംസാരിച്ചതായാണ് വിവരം. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് നേതൃത്വം എംഎൽഎമാരെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ പ്രലോഭനങ്ങളിൽ വീഴരുതെന്നും രാഷ്ട്രീയ ഭാവി തകർക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്നും വിജയ് മുന്നറിയിപ്പ് നൽകി.
ഡിഎംകെയും എഐഎഡിഎംകെയും ഡൽഹിയിലെ രാഷ്ട്രീയ ശക്തികളുടെ പിന്തുണയോടെ ഭരണപക്ഷത്തുനിന്ന് എംഎൽഎമാരെ അടർത്തിമാറ്റാൻ ശ്രമിക്കുന്നതായും യോഗത്തിൽ സൂചന നൽകി. പണം വാങ്ങി കൂറുമാറുന്നത് ജനങ്ങൾക്കിടയിൽ ജനപ്രതിനിധികളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും വിജയ് ഓർമിപ്പിച്ചു.
അധികാരത്തിലെത്തി നാല് ദിവസത്തിന് ശേഷം മെയ് 13ന് വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ് നേരിടേണ്ടിവന്നിരുന്നു. ആറുമാസം പിന്നിടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭൂരിപക്ഷം വീണ്ടും ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. പ്രതിപക്ഷം ഇത്തരമൊരു നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ സർക്കാർ തയ്യാറെടുക്കുകയാണ്.


