ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ ആരോപണങ്ങൾ തെളിയിക്കാനുള്ള എല്ലാ തെളിവുകളും തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി ഫോൺ ചോർത്തുന്നതെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി’ സെക്ഷനിലൂടെയായിരുന്നു പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, യഥാർഥ രാജ്യദ്രോഹി ആരാണെന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും പറഞ്ഞു. സംവാദം നടന്നാൽ മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുൽ പരിഹസിച്ചു.
വിദേശ ശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത് ആരാണെന്നും യഥാർഥ രാജ്യദ്രോഹി ആരാണെന്നും എപ്പോൾ മുതലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും സംവാദത്തിലൂടെ വ്യക്തമാക്കാമെന്നാണ് രാഹുലിന്റെ നിലപാട്. ഈ ചോദ്യങ്ങൾക്കുള്ള തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാർലമെന്റിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും പ്രസംഗങ്ങൾക്കിടെ മൈക്ക് ഓഫ് ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കർഷക ബില്ലുകൾ, വോട്ട് മോഷണ ആരോപണം, ചൈനീസ് അതിർത്തി പ്രശ്നം, മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകം, അദാനി വിഷയം, യുഎസ് വ്യാപാര കരാർ, ജെഫ്രി എപ്സ്റ്റീൻ വിവാദം തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്ത് ഗൗരവമായ ചർച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീണ്ട പ്രസംഗങ്ങളല്ല, മറിച്ച് നേർക്കുനേർ സംവാദമാണ് ആവശ്യമെന്നും രാഹുൽ വ്യക്തമാക്കി. ഒരു മേശയുടെ ഒരുവശത്ത് മോദിയും മറുവശത്ത് താനും ഇരുന്ന് സംവദിക്കട്ടെയെന്നും ഇരുവർക്കും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതോ വ്യവസായി ഗൗതം അദാനിയോ സംവാദത്തിന്റെ വിധികർത്താക്കളായാലും തനിക്ക് എതിർപ്പില്ലെന്നും രാഹുൽ പരിഹസിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണങ്ങളും സംവാദ വെല്ലുവിളിയും ബിജെപി തള്ളി. രാഹുൽ വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പിന്നീട് അതിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദി പാർലമെന്റാണെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിർമല സീതാരാമനും പ്രതികരിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘അർബൻ നക്സൽ’ പരാമർശത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷമായ പ്രതികരണം. മോദിയുടെ പരാമർശത്തിനെതിരെ പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു.


