കാസര്‍കോട്: എംഡിഎംഎയുമായി വ്ളോഗർ ഹൈദർ മധൂർ പിടിയിൽ. 3.61 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹൈദർ പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ ഇയാളുടെ പോക്കറ്റിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മധൂറിലെ ജുമാ മസ്ജിദ് പരിസരത്തായിരുന്നു സംഭവം. സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചതാണ് എംഡിഎംഎയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ഡാൻസാഫ് സംഘം ഹൈദർ മധൂറിനെ നിരീക്ഷിച്ചുവരികയായിരുന്നു.


