കൊച്ചി: മലബാർ മിൽമയുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.
അന്വേഷണത്തിന് ആവശ്യമായ തെളിവുകളും രേഖകളും ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കോടതി 10 ദിവസം കൂടി അനുവദിച്ചു. ഈ മാസം 24നകം ഭരണസമിതി പുനഃസ്ഥാപിക്കണമെന്നും നിർദേശിച്ചു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് ചെയർമാൻ കെ.എസ്. മണി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ആവശ്യമായാൽ നിയമാനുസൃത നടപടികൾ സ്വീകരിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു. അതുവരെ പുനഃസ്ഥാപിക്കുന്ന ഭരണസമിതിക്ക് ദൈനംദിന കാര്യങ്ങൾ മാത്രമേ നടത്താനാകൂ. നയപരമായ തീരുമാനങ്ങൾ എടുക്കാൻ അനുവാദമില്ല.
എന്നാൽ ഒരു മാസത്തിനകം പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കിൽ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാമെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഭരണസമിതിയെ പിരിച്ചുവിട്ടത്. രേഖകളിൽ കൃത്രിമം നടത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുള്ളതിനാൽ മുൻകൂർ നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കിയെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.


