പാലക്കാട്: അട്ടപ്പാടിയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പത്തോളം നവജാത ശിശുക്കൾ മരിച്ച സംഭവത്തിലും ആരോഗ്യവകുപ്പിന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് ബാലസംഘത്തിന്റെ ഉപവാസ സമരം. ശിശുദിനാഘോഷങ്ങൾ മാറ്റിവെച്ചാണ് നവംബർ 14ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുട്ടികൾ ഉപവാസം സംഘടിപ്പിച്ചത്. മുൻ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ സമരം ഉദ്ഘാടനം ചെയ്തു.
ഗോത്രമേഖലയായ അട്ടപ്പാടിയിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ അമ്മമാരുടെ കണ്ണീരിനൊപ്പം നിൽക്കുകയും ആരോഗ്യവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഉപവാസമെന്ന് ബാലസംഘം ഭാരവാഹികൾ അറിയിച്ചു. പാലക്കാട് ജില്ലയിലെ വിവിധ ഏരിയകളിൽനിന്നായി മുന്നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും. ഇതിൽ 80 പേർ ഉപവാസം അനുഷ്ഠിക്കും.
അഞ്ച് മാസത്തിനിടെ പത്തോളം കുട്ടികൾ മരിക്കുകയും മേഖലയിലെ ആരോഗ്യസുരക്ഷാ സംവിധാനം തകരാറിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ശിശുദിനത്തിൽ ആഘോഷങ്ങൾക്ക് പകരം ഉപവാസം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഒന്നര വയസുവരെ കുട്ടികൾക്ക് നൽകിയിരുന്ന 2,000 രൂപയുടെ ധനസഹായം നിലവിൽ നിർത്തലാക്കിയിരിക്കുകയാണ്. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളോ ഗർഭിണികൾക്ക് വേണ്ട പരിചരണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
അട്ടപ്പാടിയിലെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അവർക്ക് ആവശ്യമായ പോഷകാഹാരവും മരുന്നുകളും ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ബാലസംഘം ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെ.കെ. ശൈലജയും വീണാ ജോർജും ആരോഗ്യമന്ത്രിമാരായിരുന്നപ്പോൾ കേരളത്തിന്റെ ആരോഗ്യരംഗം ലോകരാജ്യങ്ങൾക്ക് മാതൃകയാകുന്ന നിലയിലേക്ക് ഉയർന്നിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. എന്നാൽ നിലവിലെ ഭരണപരമായ ഇടപെടലുകൾ ആരോഗ്യരംഗത്തെ പിന്നോട്ടടിച്ചെന്നും ആരോഗ്യപ്രവർത്തകർക്ക് പോലും നാണക്കേടുണ്ടാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അവർ വിമർശിച്ചു. നിരന്തരമായ തുടർനടപടി യോഗങ്ങൾ പുനഃസംഘടിപ്പിച്ച് നേരത്തെയുണ്ടായിരുന്ന സംവിധാനങ്ങൾ വീണ്ടും കാര്യക്ഷമമാക്കണമെന്നും ബാലസംഘം ആവശ്യപ്പെട്ടു.


