മാഹി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത തെരുവുനായയെ സൈക്കിൾ ഉപയോഗിച്ച് തടഞ്ഞ് എട്ടുവയസ്സുകാരൻ. മാഹി പള്ളൂർ ഇടയിൽ പീടികയിലെ ഷമീമ മഹലിലാണ് സംഭവം. കുട്ടികൾ തെരുവുനായയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വീട്ടുമുറ്റത്ത് സൈക്കിളിലിരുന്ന ജ്യേഷ്ഠനൊപ്പം സഹോദരങ്ങളും മറ്റ് കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് തെരുവുനായ പെട്ടെന്ന് കുട്ടികൾക്ക് നേരെ പാഞ്ഞടുത്തത്.
നായയുടെ വരവ് കണ്ട് കുട്ടികൾ പരിഭ്രാന്തരായി. എന്നാൽ പതറാതെ ജ്യേഷ്ഠൻ സൈക്കിൾ മുന്നിലേക്ക് നീക്കി നായയെ തടയുകയായിരുന്നു. ഇതോടെ സഹോദരങ്ങൾക്കും മറ്റ് കുട്ടികൾക്കും രക്ഷപ്പെടാൻ സാധിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് എട്ടുവയസ്സുകാരന്റെ സമയോചിതമായ ഇടപെടൽ ശ്രദ്ധ നേടിയത്. കുട്ടികൾക്ക് നേരെ നായ പാഞ്ഞടുക്കുന്നതും സൈക്കിൾ ഉപയോഗിച്ച് കുട്ടി അതിനെ തടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.


