ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള പാർട്ടിക്ക് തന്നെ സീറ്റ് നൽകുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. മെയിൻപുരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുമായുള്ള ചർച്ചകൾ തുടരുമെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഒരു മണ്ഡലത്തിൽ ഏത് പാർട്ടിക്കാണോ വിജയസാധ്യത കൂടുതലുള്ളത്, ആ പാർട്ടിക്ക് തന്നെ സീറ്റ് നൽകും. ഇക്കാര്യത്തിൽ ഇരുപാർട്ടികളും സംയുക്തമായാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റുകൾ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഖിലേഷ് യാദവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തിൽ പുതിയ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ തിങ്കളാഴ്ച നിർണായക യോഗം ചേരും. മണ്ഡലം തിരിച്ചുള്ള തയ്യാറെടുപ്പുകൾ, സീറ്റ് വിഭജനം, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം എന്നിവ യോഗം ചർച്ച ചെയ്യും. നവംബർ 17-ന് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചകൾ നടക്കാനിരിക്കെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഉത്തർപ്രദേശിലെ ആകെ 403 നിയമസഭാ സീറ്റുകളിൽ 181 എണ്ണം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ചർച്ചകളിൽ പ്രധാന വിഷയമാകും. രാഹുൽ ഗാന്ധി, ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജേന്ദ്ര പാൽ ഗൗതം, ആരാധന മിശ്ര, ഇമ്രാൻ മസൂദ് തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.
നേരത്തെ, ഉത്തർപ്രദേശിൽ കോൺഗ്രസിന് 100 സീറ്റുകൾ പോലും ലഭിക്കില്ലെന്ന സമാജ്‌വാദി പാർട്ടി എംപിയുടെ പരാമർശം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സമവാക്യങ്ങൾ ഏകീകരിക്കാനുള്ള ശ്രമങ്ങളും പാർട്ടികൾ ശക്തമാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ ഉൾക്കൊള്ളുന്ന ‘പിഡിഎ’ തന്ത്രമാണ് സമാജ്‌വാദി പാർട്ടി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.
ഞായറാഴ്ച ആഗ്രയിൽ പാർട്ടി സംഘടിപ്പിച്ച ദലിത് സമ്മേളനത്തിൽ പങ്കെടുത്ത അഖിലേഷ് യാദവ്, സംസ്ഥാനത്ത് ബിജെപിക്ക് രാഷ്ട്രീയ അടിത്തറ നഷ്ടപ്പെട്ടെന്ന് ആരോപിച്ചിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുക മാത്രമല്ല, രാഷ്ട്രീയത്തിൽനിന്ന് എന്നെന്നേക്കുമായി തുടച്ചുനീക്കുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


