ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് എണ്ണക്കപ്പലിന് മൈനിൽ തട്ടി തീപിടിച്ചു. ഒമാനിലെ ഖസബിൽനിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് വിവരം.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ മുറിക്ക് തീപിടിച്ചു. ഇതോടെ കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുകയും കടലിൽ നിശ്ചലമാവുകയും ചെയ്തു. കപ്പലിന് വലിയ നാശനഷ്ടമുണ്ടായതായി ഇറാനിയൻ നാവികസേനയും സ്ഥിരീകരിച്ചു.
നിരോധിത കടൽമേഖലയിലൂടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത നിലയിലാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്നാണ് ഇറാന്റെ ആരോപണം. ഹോർമുസ് കടലിടുക്കിന് കിഴക്കുള്ള നിരോധിത മേഖലയിലൂടെയാണ് കപ്പൽ കടന്നുപോയതെന്നും ഇറാൻ വ്യക്തമാക്കി.
ഇതിനുമുമ്പും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾ മൈനിൽ തട്ടിയതായി ഇറാൻ സൈന്യം അറിയിച്ചിരുന്നു. അനുമതിയില്ലാത്ത തെക്കൻ കപ്പൽപാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് കപ്പലുകൾ മൈനിൽ തട്ടിയതെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപം തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


