അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി ആന്ധ്രാപ്രദേശിലെ മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി. കർണൂൽ ജില്ലയിലെ യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കല്ലു ഗ്രാമത്തിൽ അര ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്. ഞായറാഴ്ച ക്ഷേത്രനിർമാണത്തിനുള്ള ഭൂമിപൂജ നടന്നു. അദോണി മണ്ഡലത്തിലെ ബിജെപി എംഎൽഎ പി.വി. പാർത്ഥസാരഥിയാണ് ചടങ്ങിൽ തറക്കല്ലിട്ടത്.
ഒരു മകന് അമ്മയോടുള്ള ആദരവിന്റെ പ്രതീകമായാണ് ക്ഷേത്രം നിർമിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ക്ഷേത്രത്തിന് പുറമെ ഗോശാലയും പശു സംരക്ഷണ കേന്ദ്രവും സമുച്ചയത്തിൽ ഒരുക്കും. ആദ്യം ഗോശാലയുടെ നിർമാണം പൂർത്തിയാക്കിയ ശേഷം ഹീരാബെൻ മോദിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം നിർമിക്കുമെന്ന് എംഎൽഎ പി.വി. പാർത്ഥസാരഥി അറിയിച്ചു.
പ്രധാനമന്ത്രിയുടെ അമ്മയ്ക്കായി രാജ്യത്ത് നിർമിക്കുന്ന ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രമാണിതെന്ന് പാർത്ഥസാരഥി അവകാശപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തിന്റെ തലവനായതിനാൽ ഈ ക്ഷേത്രം രാജ്യത്തെ എല്ലാ അമ്മമാരോടുമുള്ള ആദരവിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ ഭൂമിപൂജാ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രത്തിനായി ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹവും തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ ചെലവിലാണ് വിഗ്രഹം നിർമിച്ചത്.
വിവിധ ദാതാക്കളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചാണ് ക്ഷേത്രസമുച്ചയത്തിന്റെ നിർമാണം നടത്തുന്നതെന്ന് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശിവകുമാർ പറഞ്ഞു. ഹീരാബെൻ മോദിയുടെ ക്ഷേത്രത്തിന് പുറമെ ശിവൻ, ദക്ഷിണാമൂർത്തി, ശ്രീരാമൻ, ഗണേശൻ എന്നിവർക്കായുള്ള ക്ഷേത്രങ്ങളും സമുച്ചയത്തിൽ നിർമിക്കും. ദാതാക്കളിൽ നിന്നുള്ള സംഭാവനകൾ ലഭിക്കുന്നതനുസരിച്ച് അടുത്ത രണ്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രങ്ങൾക്കു പുറമെ അനാഥാലയവും പശു സംരക്ഷണ കേന്ദ്രവും സമുച്ചയത്തിന്റെ ഭാഗമായി ഒരുക്കാൻ പദ്ധതിയുണ്ട്. 2022 ഡിസംബർ 30നായിരുന്നു ഹീരാബെൻ മോദിയുടെ അന്ത്യം.


