പത്തനംതിട്ട: വൃശ്ചിക പുലരിയിൽ അയ്യപ്പദർശനത്തിനായി ശബരിമലയിൽ ഭക്തജനത്തിരക്ക്. ഇന്ന് ഉച്ചവരെ 25,000ത്തോളം തീർത്ഥാടകരാണ് സന്നിധാനത്തെത്തിയത്. വെർച്വൽ ക്യൂ വഴി മാത്രം 60,000ത്തോളം പേർ ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ഇന്ന് 80,000ത്തോളം തീർത്ഥാടകർ എത്തുമെന്നാണ് കണക്ക്. പരാതികളോടെ ആരംഭിച്ച മണ്ഡലകാലത്ത് ഇത്തവണ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
പുതിയ മേൽശാന്തിയായി ചുമതലയേറ്റ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പുലർച്ചെ മൂന്ന് മണിക്കാണ് ശബരിമല നട തുറന്നത്. നിർമാല്യ അഭിഷേകത്തോടെ പൂജകൾ ആരംഭിച്ചു. തുടർന്ന് ശരണഘോഷങ്ങളുടെ അകമ്പടിയിൽ ഭക്തർക്ക് ദർശനം തുടരുകയാണ്. ആദ്യ മണിക്കൂറുകളിൽ തിരക്ക് സാധാരണ നിലയിലായിരുന്നു. ക്രമീകരണങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നതിന്റെ ആശ്വാസത്തിലാണ് ദേവസ്വം വകുപ്പും ബോർഡും.
അതേസമയം, ഇന്നു മുതൽ എല്ലാ ദിവസവും ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇലയിട്ട് സദ്യ വിളമ്പും. തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
എന്നാൽ വരും ദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നതിനാൽ ശുചിമുറികളുടെ വൃത്തിയും തിരക്ക് നിയന്ത്രണവും വലിയ വെല്ലുവിളിയാകും. പതിനെട്ടാംപടിയിലൂടെ മിനിറ്റിൽ 75 തീർത്ഥാടകരെ കയറ്റിവിടണമെന്ന നിർദേശം നടപ്പാക്കാനാകുമോയെന്നതും പ്രധാനമാണ്.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകരെ നിലയ്ക്കലിൽത്തന്നെ ഇറക്കണമെന്നും നേരിട്ട് പമ്പയിലേക്ക് കൊണ്ടുപോകരുതെന്നും പത്തനംതിട്ട ജില്ലാ കളക്ടർ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിലെ സത്രത്തിൽനിന്ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ തീർത്ഥാടകരെ കയറ്റിവിടുകയുള്ളൂ. വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.



