പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ മടിക്കാത്തവരും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
ശബരിമലയിലെ ടോയ്‌ലറ്റിന്റെ വാൽവ് അടച്ചിട്ട സംഭവവും ഇന്ന് പുലർച്ചെ ഒരാൾ ബഹളമുണ്ടാക്കിയ സംഭവവും ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ടെൻഡർ ലഭിക്കാത്തവരും കച്ചവട താൽപര്യമുള്ളവരുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവമായി പരിശോധിക്കാൻ ഇന്റലിജൻസ് വിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.




