ചെന്നൈ: 18 വർഷം നീണ്ട ഐപിഎൽ കരിയറിന് വിരാമമിട്ട് എം.എസ്. ധോനി. ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിൽ താരത്തെ മൈതാനത്ത് കാണാനാകില്ല. അടുത്ത ഐപിഎൽ സീസണിൽ ധോനി ടീമിന്റെ മെന്ററായി പ്രവർത്തിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടീം ഇക്കാര്യം വ്യക്തമാക്കിയത്.
ഐപിഎല്ലിൽ താരങ്ങളെ നിലനിർത്തുന്നതിനുള്ള അവസാന ദിവസം പൂർത്തിയാകാനിരിക്കെയാണ് ചെന്നൈയുടെ നിർണായക പ്രഖ്യാപനം. 2008 ഏപ്രിൽ 19ന് കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലൂടെയാണ് ധോനി ആദ്യമായി ചെന്നൈ ജഴ്സിയിൽ കളത്തിലിറങ്ങിയത്. ചെന്നൈ സൂപ്പർ കിങ്സിന് വിലക്കുണ്ടായിരുന്ന 2016, 2017 സീസണുകളിൽ റൈസിങ് പൂനെ സൂപ്പർജയന്റ്സിനായും ധോനി കളിച്ചു.
ചെന്നൈയുടെ നായകനായി അഞ്ച് തവണയാണ് ധോനി ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത്. 2010, 2011, 2018, 2021, 2023 സീസണുകളിലായിരുന്നു ഈ നേട്ടം. ഐപിഎല്ലിൽ 278 മത്സരങ്ങൾ കളിച്ച ധോനി 38.30 ബാറ്റിങ് ശരാശരിയിൽ 5,439 റൺസ് നേടി. 24 അർധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം കാഴ്ചവെച്ച ധോനി 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളും സ്വന്തമാക്കി.


