കണ്ണൂർ: ഇരിക്കൂറിലെ കുഞ്ഞാമിന കൊലക്കേസിൽ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അബ്ബാസ് അലി പിടിയിലായി. ഡൽഹിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായിരുന്ന അബ്ബാസ് അലിയുടെ അമ്മയെയും സഹോദരിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2016 ഏപ്രിൽ 30നാണ് ഇരിക്കൂറിലെ സ്വന്തം ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ കുഞ്ഞാമിന കൊല്ലപ്പെട്ടത്. വസ്ത്രവ്യാപാരികളാണെന്ന് പരിചയപ്പെടുത്തി ഡൽഹി സ്വദേശികളായ പർവീൺ ബാനു, മക്കളായ സക്കീന ഫാത്തിമ, അബ്ബാസ് അലി എന്നിവർ ഇരിക്കൂറിലെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞാമിനയുടെ ക്വാർട്ടേഴ്സിൽ താമസ സൗകര്യവും ഇവർ ഒരുക്കിയിരുന്നു.
പിന്നീട് കുഞ്ഞാമിനയുമായി അടുപ്പം സ്ഥാപിച്ച പ്രതികൾ സ്വർണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ടു. വാടക ചോദിച്ച് മുറിയിലെത്തിയ കുഞ്ഞാമിനയെ മൂവരും ചേർന്ന് കസേരയിൽ കെട്ടിയിട്ടു. വായിൽ ടേപ്പ് ഒട്ടിച്ച ശേഷം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിൽ 19 മുറിവുകളുണ്ടായിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം കുഞ്ഞാമിനയുടെ പത്തോളം പവൻ സ്വർണവുമായി പ്രതികൾ രക്ഷപ്പെട്ടു. വ്യാജ വിലാസങ്ങളാണ് ഇവർ നൽകിയിരുന്നത്. കഴിഞ്ഞ മാർച്ചിൽ മധ്യപ്രദേശിൽ നിന്നാണ് കേസിലെ ഒന്നും മൂന്നും പ്രതികളായ പർവീൺ ബാനുവിനെയും സക്കീന ഫാത്തിമയെയും ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അബ്ബാസ് അലിക്കായി അന്വേഷണം നടത്തിയത്.
ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ പത്ത് ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. ഓൺലൈൻ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലൂടെ പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണ സംഘം അറിയിച്ചു. ആന്ധ്രാപ്രദേശിലും സമാനമായ കവർച്ചാ കേസുകൾ ഇവർക്കെതിരെയുണ്ട്.


