കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ വായ്പാ തുക തിരിച്ചടച്ചാലും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. കേസിലെ 23-ാം പ്രതിയായ എ.ജെ. പോൾസന്റെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ കരുവന്നൂർ ബാങ്കിൽ നിന്ന് അനുവദിച്ചെടുത്തത്. വ്യാജരേഖകൾ ഉപയോഗിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഈ വായ്പാ തുക ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങിയതായും ഇഡി കണ്ടെത്തി.
വായ്പയും പലിശയും ഉൾപ്പെടെ 4,30,85,889 രൂപ പോൾസൺ പിന്നീട് തിരിച്ചടച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ തുക തിരിച്ചടച്ചത് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.


