കോഴിക്കോട്: കെടിഡിസി ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് പി.വി. അൻവർ. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ പരാജയപ്പെട്ടാൽ കെടിഡിസി ചെയർമാൻ സ്ഥാനം നൽകണമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും നേതാക്കൾ ഇക്കാര്യം സമ്മതിച്ചിരുന്നുവെന്നും അൻവർ വ്യക്തമാക്കി.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫിന്റെ അസോസിയേറ്റ് അംഗമെന്ന നിലയിൽ മുന്നണി നേതൃത്വത്തിന് ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് നൽകാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലമായി ടൂറിസം മേഖലയിൽ സംരംഭങ്ങൾ നടത്തിയ അനുഭവം തനിക്കുണ്ടെന്നും ടൂറിസം തന്റെ ഇഷ്ടമേഖലയാണെന്നും അൻവർ വ്യക്തമാക്കി. സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ കേരള ടൂറിസത്തെ കൂടുതൽ ജനകീയമാക്കാനും സാധാരണക്കാർക്ക് വരുമാനമാർഗങ്ങൾ ഒരുക്കാനും പദ്ധതികളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബേപ്പൂരിൽ മത്സരിക്കുന്നതിന് മുമ്പ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നുവെന്നും വ്യക്തമായ ഉറപ്പ് ലഭിച്ചിരുന്നുവെന്നും അൻവർ പറഞ്ഞു.
കെടിഡിസി ചെയർമാൻ സ്ഥാനത്തിന് പുറമെ തനിക്കൊപ്പം നിൽക്കുന്ന സജി മഞ്ഞക്കടമ്പൻ ഉൾപ്പെടെയുള്ളവർക്കായി മൂന്ന് ബോർഡ്-കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങളും അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ ആവശ്യപ്പെട്ട നാല് സ്ഥാനങ്ങളിൽ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഡിസംബർ അവസാനത്തോടെ ആവശ്യങ്ങളിൽ തീരുമാനം അറിയിക്കാമെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കെടിഡിസി ചെയർമാൻ സ്ഥാനം അൻവറിന് നൽകുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പുണ്ട്. ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന കോൺഗ്രസ് തന്നെ ഈ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.


