ലഖ്‌നൗ: വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാതി ഉന്നയിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ പുതുക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയേക്കാൾ 18.84 ലക്ഷം പേരെ കൂടി ഉൾപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പട്ടിക പുറത്തിറക്കിയത്. അതേസമയം, 2.58 കോടി പേർ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്ക്.
പുതുതായി ഉൾപ്പെടുത്തിയവരിൽ 7.87 ലക്ഷം പുരുഷന്മാരും 10.97 ലക്ഷം സ്ത്രീകളുമുണ്ട്. നിലവിൽ 13.58 കോടി വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 6.20 കോടി പേർ സ്ത്രീകളാണ്. 18-19 പ്രായപരിധിയിലുള്ള 11,83,352 വോട്ടർമാരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
എസ്ഐആർ നടപടികളിലൂടെ ഒരു കോടിയിലേറെ ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ എസ്ഐആറിന് ശേഷമുള്ള പട്ടികയിൽ ഇല്ലെന്നാണ് യോഗിയുടെ വാദം. ഇതുസംബന്ധിച്ച് അദ്ദേഹം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനവും നൽകിയിരുന്നു.
എന്നാൽ വോട്ടർമാരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ ശേഖരിക്കാറില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ വ്യക്തമാക്കി. വോട്ടറുടെ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീട്ടുനമ്പർ, ലിംഗഭേദം തുടങ്ങിയ വിവരങ്ങൾ മാത്രമാണ് ഔദ്യോഗിക ഡാറ്റാബേസിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
വോട്ടർ പട്ടിക പൊതുരേഖയായതിനാൽ മാധ്യമ സ്ഥാപനങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം നിലയിൽ പഠനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത്തരം വിശകലനങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണ്ടെത്തലുകളായി കണക്കാക്കാനാകില്ലെന്നും നവദീപ് റിൻവ കൂട്ടിച്ചേർത്തു.
അതേസമയം, എസ്ഐആർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുകയാണ്. ബിജെപി ദേശീയതലത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് യോഗി ആദിത്യനാഥിന്റെ ആരോപണമെന്ന വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. യുപിയിൽ വോട്ടർമാരെ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ യോഗി പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്നും അഖിലേഷ് ചോദിച്ചു.
2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടക്കുന്നത്. കരട് പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ഡിസംബർ 16 വരെ അവസരമുണ്ട്.
പുതിയതായി പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങൾ തിരുത്തുന്നതിനും അർഹരായവർക്ക് യഥാക്രമം ഫോം 6, ഫോം 8 എന്നിവ സമർപ്പിക്കാം. അനർഹമായ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ ഫോം 7 വഴി നൽകാം. ഡിസംബർ 28നകം പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കിയ ശേഷം 2027 ജനുവരി നാലിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


