തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിൽ പ്രതി ഉമറിനെ വീണ്ടും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പരിശോധന. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കിണറ്റിലെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തുന്നത്.
കഴക്കൂട്ടം അഗ്നിരക്ഷാസേനയും ചെങ്കൽചൂളയിൽ നിന്നുള്ള സ്കൂബാ സംഘവും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. കിണറ്റിൽ ബെൽറ്റും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ഉണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. നേരത്തെ ഉമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തുള്ള മറ്റൊരു പുരയിടത്തിലാണ് ഈ കിണർ.
പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിത നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളും അന്വേഷണത്തെ സങ്കീർണമാക്കിയ സാഹചര്യത്തിലാണ് പൊലീസ് വീണ്ടും തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
കൊല്ലപ്പെടുമ്പോൾ അഭിരാം ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ്, അഭിരാമിന്റെയും സുഹൃത്ത് ആനന്ദിന്റെയും മൊബൈൽ ഫോണുകൾ എന്നിവയാണ് ഇനി കണ്ടെത്താനുള്ളത്. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ വിവിധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതിയുടെ ആദ്യ മൊഴി. എന്നാൽ ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്ന് മറ്റൊരു പ്രതിയായ ഉമർ മൊഴി നൽകി. ഇതോടെ തെളിവുകൾ കണ്ടെത്തുന്നതിൽ അന്വേഷണസംഘം പ്രതിസന്ധിയിലായി.
കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളിൽ പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. പിന്നാലെ തെറ്റിയാർ തോട്ടിൽ സ്കൂബാ സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. തൊണ്ടിമുതലുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിച്ചിരിക്കാമെന്ന സംശയവും പൊലീസിനുണ്ട്.
അന്വേഷണത്തിന്റെ തുടക്കം മുതൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി ഉടൻ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.


