കൊച്ചി: സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് നീതി ഉറപ്പാക്കണമെന്നും നിക്ഷേപിച്ച പണം തിരികെ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പി.സി. സിറിയക് ആവശ്യപ്പെട്ടു. നിക്ഷേപകരുടെ സമ്പാദ്യം തിരിച്ചുനൽകി സഹകരണ ബാങ്കുകളിലുള്ള ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം വഞ്ചി സ്ക്വയറിൽ കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചവരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരാണെന്ന് പി.സി. സിറിയക് ചൂണ്ടിക്കാട്ടി. വിവിധ ക്രമക്കേടുകളും കൃത്രിമങ്ങളും മൂലം പല സഹകരണ ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയിലായതോടെ നിക്ഷേപകർ ദുരിതത്തിലായിരിക്കുകയാണ്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് പലരുടെയും നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ചിലർ ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. അതിനാൽ നിക്ഷേപകരുടെ ദുരിതം നിസ്സാരമായി കാണരുത്. വർഷങ്ങളായി തങ്ങളുടെ സമ്പാദ്യം തിരിച്ചുകിട്ടാതെ കഴിയുന്നവർക്ക് പണം മടക്കിനൽകാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടിട്ട് വർഷങ്ങളായിട്ടും സർക്കാരുകളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ധർണയും കരിങ്കൊടി പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചത്.
ഫോറം സംസ്ഥാന പ്രസിഡന്റ് പി.എ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ചാർളി പോൾ, ഫോറം രക്ഷാധികാരി ഡോ. എം.കെ. ജോർജ്, ജനറൽ സെക്രട്ടറി എ.സി. ബേബിച്ചൻ, വൈസ് പ്രസിഡന്റുമാരായ പ്രൊഫ. രഘുദേവ്, റോയ് വെള്ളരിങ്ങാട്ട്, ട്രഷറർ എം.പി. ഹരിദാസ് മാസ്റ്റർ, അഡ്വ. റംലത്ത് ബീവി, തോമസ് കാവാലം, പി.ഐ. വിൽസൺ എന്നിവർ സംസാരിച്ചു.
കൊച്ചിയിൽ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധ മാർച്ചിന് പി.എ. തോമസ്, പ്രൊഫ. രഘുദേവ്, എം.പി. ഹരിദാസ്, പി.ഐ. പൗലോസ് എന്നിവർ നേതൃത്വം നൽകി.


