കുവൈത്ത് സിറ്റി: കുവൈത്തിലെ മനാഖീഷ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന് കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് വിവരം പുറത്തുവിട്ടത്.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പ നിരീക്ഷണ സംവിധാനങ്ങൾ വഴിയാണ് ഭൂചലനം രേഖപ്പെടുത്തിയത്. കുവൈത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മനാഖീഷിൽ നേരത്തെയും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2026 മേയ് അഞ്ചിന് ഇതേ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ ഭൂചലനത്തെ തുടർന്ന് ആളപായമോ കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
മേഖലയിലെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട സംവിധാനങ്ങൾ വഴി വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.




