കണ്ണൂർ: സഹകരണ വാരാഘോഷ പരിപാടിക്കിടെ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധം. പയ്യന്നൂർ കണ്ടോത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ എം.എൽ.എയുടെ പി.എയെ സി.പി.ഐ.എം. സഹകരണ സംഘം ഭാരവാഹികൾ കയ്യേറ്റം ചെയ്തതായും ആരോപണമുയർന്നു.
തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എം.എൽ.എയായ വി. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയർമാനെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് മന്ത്രി ഇടപെട്ടാണ് എം.എൽ.എയെ ഉദ്ഘാടകനായി തീരുമാനിക്കാൻ നിർദേശം നൽകിയത്.
പരിപാടിയിൽ പ്രസംഗം ആരംഭിച്ച വി. കുഞ്ഞികൃഷ്ണൻ, ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ വേദിയിലിരുന്ന ചിലർ എഴുന്നേറ്റ് എം.എൽ.എയ്ക്കെതിരെ പ്രതിഷേധിച്ചു. പ്രസംഗം തുടർന്നപ്പോഴും സദസ്സിൽനിന്ന് നിരവധി പേർ എഴുന്നേറ്റ് പ്രതിഷേധം ഉയർത്തി. ഇതിനുപിന്നാലെയാണ് എം.എൽ.എയ്ക്കും പി.എയ്ക്കും മർദനമേറ്റതായി ആരോപണം ഉയർന്നത്.
പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.ഐ.എം. വിട്ടെത്തിയ എം.എൽ.എമാർ പാർട്ടി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. സി.പി.ഐ.എം. ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും ആരോപണം.
ഈ രാഷ്ട്രീയ തർക്കങ്ങളുടെ തുടർച്ചയായാണ് തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയന്റെ വാരാഘോഷ പരിപാടിയിൽനിന്ന് വി. കുഞ്ഞികൃഷ്ണനെ ആദ്യം ഒഴിവാക്കിയതെന്നാണ് സൂചന. പരിപാടിയുടെ ആദ്യ ചാർട്ടിൽ ഒരിടത്തും എം.എൽ.എയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ഉണ്ടായ ഇടപെടലിനെ തുടർന്നാണ് ഉദ്ഘാടകനായി തീരുമാനിച്ചത്.


