പാലക്കാട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പാചകവാതകത്തിന്റെയും വിറകിന്റെയും വിലവർധനയും ചെറുകിട ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചെലവുകൾ വർധിച്ചതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെയും ചെറിയ നഗരങ്ങളിലെയും ഹോട്ടലുകളാണ് കൂടുതൽ ദുരിതം നേരിടുന്നത്.
അരി, പച്ചക്കറി, എണ്ണ, വെളിച്ചെണ്ണ, മാംസം, മത്സ്യം, പലവ്യഞ്ജനങ്ങൾ തുടങ്ങിയ സാധനങ്ങളുടെ വില വർധിച്ചതോടെ ഹോട്ടൽ നടത്തിപ്പുകാരുടെ ചെലവ് കുത്തനെ കൂടി. 40 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോൾ 70 രൂപ നൽകണം. നല്ല അരിക്ക് കിലോയ്ക്ക് 45 മുതൽ 60 രൂപ വരെയാണ് വില. പാചകവാതക സിലിണ്ടറിന് 3,000 രൂപയും ഒരു ഗുഡ്സ് ഓട്ടോ വിറകിന് 3,000 മുതൽ 3,500 രൂപ വരെയും ചെലവാകുന്നു.
സാധനങ്ങൾ വാങ്ങുന്നതിനൊപ്പം ജീവനക്കാരുടെ ശമ്പളവും കടവാടകയും നൽകിക്കഴിയുമ്പോൾ ഹോട്ടൽ ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. പലരും കടം വാങ്ങിയാണ് സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
ചെലവ് വർധിച്ചതിനനുസരിച്ച് ഭക്ഷണത്തിന്റെ വില കൂട്ടിയാൽ നിലവിലുള്ള കച്ചവടം കൂടി കുറയുമെന്ന ആശങ്കയും ഉടമകൾക്കുണ്ട്. നഗരങ്ങളിൽ ചായയ്ക്ക് 15 മുതൽ 20 രൂപ വരെ ഈടാക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ 12 രൂപ നൽകാൻ പോലും പലരും മടിക്കുകയാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
തൊഴിലാളികൾ, വിദ്യാർഥികൾ, യാത്രക്കാർ, കുറഞ്ഞ വരുമാനമുള്ളവർ തുടങ്ങി നിരവധി പേർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കുന്നത് ചെറുകിട ഹോട്ടലുകളാണ്. ഈ മേഖല പ്രതിസന്ധിയിലായാൽ സാധാരണക്കാരെയും അത് ബാധിക്കും. പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഹോട്ടൽ ഉടമകളുടെ ആവശ്യം.


