പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസിൽ പൊലീസിന്റെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നു. യുവതി ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച ഷാൾ കാണാനില്ലെന്നാണ് നിലവിലെ ഏനാത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കോടതിയിലോ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിലോ ഷാൾ ഇല്ലെന്നാണ് എസ്.എച്ച്.ഒയുടെ മൊഴി. ഇതോടെ കേസിലെ നിർണായക തെളിവ് എവിടെയെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്.
സഹപ്രവർത്തകയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് എട്ടുമാസം മുൻപ് സുഹൈൽ അൻസാരിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കടമ്പനാട്ടെ സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 35കാരിയെ ഫെബ്രുവരി 14ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്നു യുവതി.
ഏനാത്ത് പൊലീസ് തന്നെ വ്യാജക്കേസിൽ കുടുക്കിയെന്ന സുഹൈലിന്റെ പരാതിയിലാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനിടെ യുവതിയുടെ ഭർത്താവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പുറത്തുവരാൻ തുടങ്ങിയത്.
മരിക്കുന്നതിന് മുൻപ് യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതേസമയം, സുഹൈലിന്റെ അറസ്റ്റിന് കാരണമായ ആത്മഹത്യാക്കുറിപ്പുകളെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
യുവതിക്ക് ഭർത്താവിൽ നിന്ന് മർദനമേറ്റ വിവരം ഏനാത്ത് പൊലീസ് നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. യുവതിക്ക് മർദനമേറ്റ കാര്യം സി.ഐ, എസ്.ഐയോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. 2026 ഫെബ്രുവരി 14ന് രാവിലെ 10.10നാണ് സി.ഐ ഇക്കാര്യം സംസാരിക്കുന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കേസിലെ മറ്റൊരു നിർണായക തെളിവായ ഷാൾ കാണാനില്ലെന്ന വിവരവും പുറത്തുവരുന്നത്. ഇതോടെ ഏനാത്ത് പൊലീസിന്റെ അന്വേഷണ നടപടികൾ കൂടുതൽ സംശയനിഴലിലായിരിക്കുകയാണ്.


