കണ്ണൂര്: പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്. ‘നിന്നെ വച്ചേക്കില്ലെടാ’ എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് എട്ടാം ക്ലാസുകാരനെ മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. കല്ലുകൊണ്ട് വിദ്യാർഥിയുടെ മുഖത്തടിച്ചതായും എഫ്ഐആറിലുണ്ട്.
മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പാനൂർ ബസ് സ്റ്റാൻഡിന് സമീപം എട്ടാം ക്ലാസ്, ഒമ്പതാം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് മർദനമുണ്ടായത്. സംഭവത്തിലാണ് മൂന്ന് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തത്.


